ന്യൂഡല്‍ഹി: കണ്ണൂര്‍ അഞ്ചരക്കണ്ടി, പാലക്കാട് കരുണ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടിയ 180 വിദ്യാര്‍ഥികളുടെ അഡ്മിഷന്‍ സുപ്രീംകോടതി റദ്ദാക്കി. സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീംകോടതി ഉത്തരവ് മറികടക്കരുതെന്നും മറികടന്നാല്‍ കടുത്ത നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി നിര്‍ദേശം.
രണ്ട് മെഡിക്കല്‍ കോളേജുകളിലേയും പ്രവേശനം സാധൂകരിക്കാന്‍ ‘കേരള മെഡിക്കല്‍ കോളേജ് പ്രവേശനം സാധൂകരിക്കല്‍ ബില്‍’ കഴിഞ്ഞ ദിവസം നിയമസഭ പാസാക്കിയിരുന്നു. ഇന്ന് വാദം കേള്‍ക്കുന്നത് നീട്ടിവെക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ആവശ്യം തള്ളിയ കോടതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ലല്ലോ എന്ന് ചോദിച്ചു. തുടര്‍ന്ന് മെഡിക്കല്‍ കൗണ്‍സില്‍ അഭിഭാഷകന്റെ വാദം അംഗീകരിച്ചാണ് 180 വിദ്യാര്‍ഥികളെ പുറത്താക്കാന്‍ കോടതി ഉത്തരവിട്ടത്. കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ 150 വിദ്യാര്‍ഥികളേയും കരുണയിലെ 30 വിദ്യാര്‍ഥികളേയുമാണ് പുറത്താക്കുക.