X
    Categories: MoreViews

അര്‍ധരാത്രിയില്‍ സുപ്രീംകോടതി വിധി: കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാറിന് സത്യപ്രതിജ്ഞ ചെയ്യാം

ന്യൂഡല്‍ഹി: അതിനാടകീയതകള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ സര്‍ക്കാറുണ്ടാക്കാന്‍ ബി.ജെ.പിക്ക് സുപ്രീം കോടതിയുടെ അനുമതി. ബി.എസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബി.ജെ.പിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ വാജുഭായ് വാലയുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ വസതിയിലെത്തി നല്‍കിയ അടിയന്തര ഹര്‍ജിയിലാണ് കോടതിയുടെ വിധി. പുലര്‍ച്ചെ നാലു മണിക്കാണ് അപൂര്‍വമായ സാഹചര്യത്തില്‍ രാജ്യത്തിന്റെ പരമോന്നത കോടതി വിധി പ്രഖ്യാപിച്ചത്.

അതേസമയം, കോണ്‍ഗ്രസിന്റെ ഹര്‍ജി തള്ളുന്നില്ലെന്നും ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

സുപ്രീം കോടതിയുടെ ആറാം നമ്പര്‍ കോടതിയില്‍ ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ മുന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അശോക് ഭൂഷന്‍, ജസ്റ്റിസ് എസ്.എ ബോബ്ഡേ എന്നിവരാണ് സിക്രിയെ കൂടാതെ ബെഞ്ചിലുണ്ടായിരുന്ന മറ്റു അംഗങ്ങള്‍. രാത്രി വൈകി 2.08നാണ് വാദം തുടങ്ങിയത്. രണ്ടു മണിക്കൂറിലധികം നീണ്ട വാദത്തിനൊടുവിലാണ് കോടതിയുടെ വിധി. ഗവര്‍ണര്‍ക്ക് ഭരണഘടന നല്‍കുന്ന വിശേഷാധികാരത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

കോണ്‍ഗ്രസിനായി മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായി മനു അഭിഷേക് സിംഗ്വിയാണ് ഹാജരായത്. കേന്ദ്ര സര്‍ക്കാറിനു വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗിയും കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.എമാര്‍ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹത്ഗിയും ഹാജരായി.

അര്‍ധരാത്രി ഒരു മണിക്കാണ് കര്‍ണാടക ഗവര്‍ണറുടെ തീരുാനത്തിനെതിരായ കോണ്‍ഗ്രസിന്റെ ഹര്‍ജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറിയിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചീഫ് ജസ്റ്റിസിന്റെ വീട്ടിലേക്ക് വരാതിരിക്കാനായി പൊലീസ് ബാരിക്കേഡുകള്‍ ഉയര്‍ത്തിയിരുന്നു. കോണ്‍ഗ്രസ് സുപ്രീം കോടതി രജിസ്ട്രാര്‍ മുഖേന കേസ് ഫയല്‍ ചെയ്തപ്പോള്‍, മുതിര്‍ന്ന ജഡ്ജിമാരില്ലാത്ത മൂന്നംഗ ബെഞ്ചാണ് വിധി കേട്ടത്.

കേവല ഭൂരിപക്ഷത്തിന് 112 സീറ്റുകള്‍ ആവശ്യമായിരിക്കുകയും കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യം അത് അവകാശപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ വെറും 104 സീറ്റുള്ള ബി.ജെ.പിയെ സര്‍ക്കാറുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചത് ഭരണഘടനയോടുള്ള വെല്ലുവില്‍യാണെന്ന് കോണ്‍ഗ്രസിനു വേണ്ടി ഹാജരായ അഭിഷേക് മനു സിങ്വി വാദിച്ചു. എന്നാല്‍, ഗവര്‍ണറുടെ നിര്‍ദേശ പ്രകാരം ബി.ജെ.പിയെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്നായിരുന്നു വേണുഗോപാല്‍, തുഷാര്‍ മേത്ത, മുകുള്‍ റോഹത്ഗി എന്നിവരുടെ വാദം.

കോണ്‍ഗ്രസ്-ജെ.ഡി.യു സഖ്യം ഭൂരിപക്ഷം അവകാശപ്പെടുമ്പോള്‍ ബി.ജെ.പിയുടെ അവകാശവാദത്തിന് പ്രസക്തിയെന്ത് എന്ന് കോടതി ചോദിച്ചെങ്കിലും ഗവര്‍ണറുടെ വിചിത്ര തീരുമാനത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. രാഷ്ട്രപതിയുടെയും ഗവര്‍ണറുടെയും തീരുമാനങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനാവില്ലെന്ന ഭരണഘടനാ വകുപ്പുദ്ധരിച്ചായിരുന്നു കോടതിയുടെ നടപടി.

chandrika: