X

ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി: സുപ്രീംകോടതി ഹര്‍ജി സ്വീകരിച്ചില്ല

ന്യൂഡല്‍ഹി: ഹൈന്ദവ വിഭാഗങ്ങള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. എട്ടു സംസ്ഥാനങ്ങളിലെ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്ന ഹര്‍ജിയാണ് തള്ളിയത്. വിഷയത്തില്‍ ന്യൂനപക്ഷ കമ്മീഷനെ സമീപിക്കാന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഹര്‍ജി്ക്കാരനോട് നിര്‍ദ്ദേശിച്ചു.
ഇത്തരം കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം ന്യൂനപക്ഷ കമ്മീഷനാണുള്ളതെന്നും സുപ്രീംകോടതിക്ക് അതിനുള്ള അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായയാണ് പൊതു താല്‍പര്യ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. അരുണാചല്‍ പ്രദേശ്, മിസോറം, നാഗാലാന്‍ഡ്, മേഘാലയ, ജമ്മുകശ്മീര്‍, മണിപ്പൂര്‍, പഞ്ചാബ്, ലക്ഷദ്വീപ്, എന്നീ സംസ്ഥാനങ്ങളിലാണ് ഹിന്ദു വിഭാഗക്കാരെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടത്. ഈ സംസ്ഥാനങ്ങളില്‍ മറ്റു സമുദായങ്ങളെ അപേക്ഷിച്ച് ഹിന്ദു പ്രാതിനിധ്യം വളരെ കുറവാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 2011ല്‍ പുറത്തുവിട്ട ജനസംഖ്യാ കണക്ക് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

chandrika: