ന്യൂഡല്‍ഹി: ഇന്ത്യയിലെ നിയമ സംവിധാനങ്ങളുടെ പിടി വീഴാതിരിക്കാന്‍ 100 കണക്കിന് പിടികിട്ടാപ്പുള്ളികളും തട്ടിപ്പുകാരും രാജ്യം വിടുന്നതാണ് ഇപ്പോള്‍ കണ്ടു വരുന്നതെന്ന് സുപ്രീം കോടതി.
ഇങ്ങനെ വിദേശത്ത് അഭയം തേടുന്നവരെ ഏത് വിധേനെയും തിരിച്ചു കൊണ്ടുവന്ന് വിചാരണ ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നു സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. നിയമത്തിന് അവരെ പിടിയിലാക്കാന്‍ കഴിയുമെന്ന സന്ദേശം നല്‍കാന്‍ ഇത്തരക്കാരെ തിരിച്ചു കൊണ്ടുവന്ന് നിയമം അനുശാസിക്കുന്ന ശിക്ഷ നല്‍കേണ്ടത് അനിവാര്യമാണ്. അത്തരത്തിലൊരു കീഴ്‌വഴക്കം ഉണ്ടാക്കേണ്ടിയിരിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ജെ.എസ് ഖേഹാര്‍, ജസ്റ്റിസ് അരുണ്‍ മിശ്ര എന്നവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് നിയമ നടപടികളെ വെട്ടിച്ച് മുങ്ങുന്നവരുടെ എണ്ണത്തിലെ വര്‍ധനയില്‍ ആശങ്ക പ്രകടിപ്പിച്ചത്.
വളരെ എളുപ്പത്തില്‍ രാജ്യം വിട്ട് രക്ഷപ്പെടാന്‍ ആളുകള്‍ക്ക് കഴിയുന്നത് ആശങ്കപ്പെടുത്തുന്നുവെന്നും ഇവരെ തിരിച്ച് കൊണ്ടുവന്ന് നിയമത്തിന്റെ മുന്നിലെത്തിക്കുന്ന കാര്യം ഉറപ്പു വരുത്തേണ്ടത് കേന്ദ്ര സര്‍ക്കാറാണെന്നും കോടതി ഓര്‍മ്മപ്പെടുത്തി.
ബാങ്കുകളില്‍ നിന്ന് കോടികളുടെ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ നാടുവിട്ട മദ്യവ്യവസായി വിജയ് മല്യയുടെ പേരെടുത്ത് പറയാതെ ആ വിഷയമാണ് കോടതി സൂചിപ്പിച്ചത്. കോടതി ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്ത വിജയ് മല്യ ലണ്ടനില്‍ ഇപ്പോള്‍ സുഖജീവിതം നയിക്കുകയാണ്. ഇതിലേക്ക് വിരല്‍ ചൂണ്ടിയാണ്, എല്ലാവരും ഇപ്പോള്‍ നിയമ നടപടികളെ വെട്ടിക്കാന്‍ നാടുവിടുന്നതാണ് കണ്ടുവരുന്നതെന്ന് സുപ്രീം കോടതി പറഞ്ഞത്. ക്രിമിനല്‍ കേസില്‍ പ്രതിയായ റിതിക അവാസ്തി വിചാരണ നേരിടാന്‍ തയ്യാറാകാതെ ലണ്ടനില്‍ ഒളിച്ച് താമസിക്കുകയാണെന്നും സുപ്രീം കോടതി പറഞ്ഞു. ഇവരെ തിരിച്ചു കൊണ്ടു വരാന്‍ അടിയന്തര നടപടി വേണമെന്ന് കേന്ദ്രസര്‍ക്കാറിനോട് സുപ്രീം കോടതി ഉത്തരവിട്ടു.
വിചാരണയ്ക്ക് ഇടയില്‍ രോഗാതുരനായ ഭര്‍ത്താവിനെ കാണാന്‍ ലണ്ടനിലേക്ക് പോകാന്‍ കോടതി റിതികയ്ക്ക് അനുമതി കൊടുത്തിരുന്നു, എന്നാല്‍ പിന്നീട് മടങ്ങിവരാന്‍ ഇവര്‍ കൂട്ടാക്കിയില്ല. പാസ്‌പോര്‍ട്ട് റദ്ദാക്കി അവരെ ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടു വരാന്‍ നേരത്തെ സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനോടും നടപടി ത്വരിതപ്പെടുത്താന്‍ പറഞ്ഞിട്ട് ഫലമുണ്ടായില്ല. എന്നാല്‍ നടപടിയെടുക്കാന്‍ കേന്ദ്രത്തിന് കഴിയാത്തത് അവരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ കയ്യില്‍ ലഭിക്കാത്തതിനാലാണെന്നാണ് കേന്ദ്രസര്‍ക്കാറിന് നടപടിയെടുക്കാന്‍ കഴിയാഞ്ഞതെന്ന് പറഞ്ഞ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറിനെ കോടതി വിമര്‍ശിച്ചു.
കേന്ദ്രസര്‍ക്കാറാണ് പാസ്‌പോര്‍ട്ട് നല്‍കുന്നതെന്നും അതിനാല്‍ വിവരം ലഭിക്കില്ലെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും കോടതി പറഞ്ഞു. അവരെ തിരിച്ചു കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാറിന് താല്‍പര്യമില്ലെന്ന് കോടതിക്ക് സംശയം തോന്നുന്നുവെന്നും സുപ്രീം കോടതി തിരിച്ചടിച്ചു.