ന്യൂഡല്‍ഹി: ഡി.ജി.പി ജേക്കബ് തോമസിനെതിരായ ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ജേക്കബ് തോമസ് ജഡ്ജിമാരെ വിമര്‍ശിക്കുകയല്ല സംവിധാനം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്തതെന്ന് കോടതി പറഞ്ഞു. ജേക്കബ് തോമസിന്റെ ഹര്‍ജിയില്‍ ഹൈക്കോടതിക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.
വിജിലന്‍സിനെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ജേക്കബ് തോമസ് അഴിമതിയായി ചിത്രീകരിച്ചതാണ് കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ കാരണമായത്. നേരത്തെ പാറ്റൂര്‍ കേസ് പരിഗണിച്ച സമയത്ത് ജസ്റ്റിസുമാരായ പി.ഉബൈദും, എബ്രഹാം മാത്യുവും വിജിലന്‍സ് ഡയരക്ടറും സംഘവും നടപടിക്രമങ്ങളില്‍ വരുത്തിയ പിഴവുകള്‍ ചൂണ്ടിക്കാണിക്കുകയും കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.
ഇതിനെതിരെ ജേക്കബ് തോമസ് കേന്ദ്ര വിജിലന്‍സ് കമ്മീഷനില്‍ നല്‍കാനായി ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി. കേസിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാല്‍ വിജിലന്‍സ് ഡയരക്ടര്‍ ഇത്തരത്തില്‍ ഒരു നടപടി സ്വീകരിച്ചത് കോടതിയലക്ഷ്യമായി കാണണമെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.