ഡല്‍ഹി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ വസ്ത്രം മാറ്റാതെ സ്പര്‍ശിക്കുന്നത് ലൈംഗിക പീഡനമല്ലെന്ന ബോംബെ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിക്കുന്നതാണ് ഹൈക്കോടതി വിധിയെന്നും ഇതില്‍ സ്വമേധയാ ഇടപെടണമെന്നും അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ ആവശ്യപ്പെട്ടു.
ഹൈക്കോടതി വിധിക്കെതിരെ ഹര്‍ജി നല്‍കാന്‍ അറ്റോര്‍ണി ജനറലിനോട് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. നേരിട്ടുള്ള സ്പര്‍ശനമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി പ്രതിക്കു ജാമ്യം അനുവദിച്ചതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇത് അപ്രതീക്ഷിതവും അപകടകരമായ കീഴ് വഴക്കവുമാണെന്നാണ് എജി പറയുന്നത്. കേസില്‍ പോക്‌സോ വകുപ്പുകള്‍ റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു.
സ്വമേധയാ നടപടിയെടുക്കാനുള്ള എജിയുടെ ആവശ്യം നിരസിച്ച സുപ്രീം കോടതി അപ്പീല്‍ ഫയല്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസമാണ് പോക്‌സോ കേസില്‍ പ്രതിയെ വെറുതെ വിട്ടുകൊണ്ട് ബോംബെ ഹൈക്കോടതി വധി പുറപ്പെടുവിച്ചത്. പ്രതി പന്ത്രണ്ടുകാരിയായ പെണ്‍കുട്ടിയുടെ മാറിടത്തില്‍ തൊട്ടത് ലൈംഗിക ഉദ്ദേശ്യത്തോടയാണെന്നു പറയാനാവില്ലെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. പോക്‌സോ അനുസരിച്ചുള്ള കേസ് നിലനില്‍ക്കണമെങ്കില്‍ നേരിട്ടുള്ള സ്പര്‍ശനം വേണം. വസ്ത്രം മാറ്റാതെയുള്ള സ്പര്‍ശനം ലൈംഗിക ഉദ്ദേശ്യത്തോടെയാണെന്നു തെളിയിക്കാനായില്ലെന്ന് കോടതി പറഞ്ഞു.