വിവിപാറ്റ് പ്രവര്‍ത്തനത്തില്‍ കൂടുതല്‍ വിശദീകരണം തേടി സുപ്രിം കോടതി . വിവിപാറ്റ് മെഷീനിലെ കണ്‍ട്രോളിംഗ് യൂണിറ്റ് പ്രത്യേകം സീല്‍ ചെയ്തതാണോയെന്ന് കോടതി ചോദിച്ചു. വിവി പാറ്റില്‍ ഫ്‌ലാഷ് മെമ്മറി ഉണ്ടെന്നാണ് നേരത്തെ പറഞ്ഞത്. ഇതില്‍ ഒരു വ്യക്തത വേണം. ചോദ്യങ്ങള്‍ക്ക് രണ്ട് മണിക്ക് മുന്‍പ് ഉത്തരം നല്‍കണമെന്ന് കമ്മീഷനോട് സുപ്രിംകോടതി നിര്‍ദേശം നല്‍കി.
അഞ്ചു സംശയങ്ങളാണ് സുപ്രിം കോടതി ഉന്നയിച്ചത്. മൈക്രോ കണ്‍ട്രോളര്‍ കണ്‍ട്രോളിങ് യൂണിറ്റിലാണോ വിവിപാറ്റിലാണോ നിലവിലുള്ളത്?, മൈക്രോ കണ്‍ട്രോളര്‍ ഒരു തവണയാണോ പ്രോഗ്രാം ചെയ്യുന്നത്?, ചിഹ്നം ലോഡ് ചെയ്യുന്നതിന് യൂണിറ്റുകള്‍ എത്ര?, കണ്‍ട്രോള്‍ യൂണിറ്റും വിവിപാറ്റും സീല്‍ ചെയ്യുന്നുണ്ടോ?, ഇവിഎമ്മിലെ ഡാറ്റ 45 ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കേണ്ടതുണ്ടോ? തുടങ്ങിയ സാങ്കേതിക കാര്യങ്ങളിലാണ് കോടതി വിശദീകരണം തേടിയത്.
കേസിന്റെ വാദത്തിനിടെ വോട്ടിങ് മെഷീനിന്റെയും വിവിപാറ്റിന്റെയും പ്രവര്‍ത്തനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ കോടതിയില്‍ നേരിട്ട് വിശദീകരിച്ചിരുന്നു. വോട്ടിങ് മെഷീന്‍ സുതാര്യമാണെന്നും കൃത്രിമം സാധ്യമല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. എല്ലാ വോട്ടുകളും വിവിപാറ്റ് സ്ലിപ്പുകളുമായി ഒത്തു നോക്കുന്നതിന്റെ പ്രായോഗികതയും കമ്മീഷന്‍ കോടതിയെ ധരിപ്പിച്ചിരുന്നു.