ന്യൂഡല്‍ഹി: രാജ്യത്ത് മുസ്‌ലിംകള്‍ക്കെതിരെ കൊലവിളിയുമായി ഹിന്ദുത്വവാദികള്‍ അഴിഞ്ഞാടിയിട്ടും നടപടിയെടുക്കാത്ത സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി. വിദ്വേഷ പ്രസംഗങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ ശക്തമായ നടപടിയുണ്ടാവുമെന്ന് ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. ഉത്തരാഖണ്ഡില്‍ ഇന്ന് നടക്കുന്ന ധരം സന്‍സദില്‍ (ഹിന്ദുത്വ സമ്മേളനം) വിദ്വേഷ പ്രസംഗമുണ്ടാകില്ലെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ഉറപ്പ് വരുത്തണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. മുന്‍കരുതല്‍ നടപടികളില്‍ വീഴ്ചയുണ്ടായാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തുമെന്നും കോടതി വ്യക്തമാക്കി.
ഹരിദ്വാര്‍ ധരം സന്‍സദിലും ഡല്‍ഹി ധരം സന്‍സദിലും മുസ്‌ലിം സമുദായത്തെ ലക്ഷ്യമിട്ട് നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. വിദ്വേഷ പ്രസംഗങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ നഗരങ്ങളില്‍ ധരം സന്‍സദ് നടത്തുന്നത് തടയണം എന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. ഇത്തരം വിദ്വേഷ പ്രസംഗങ്ങളും അക്രമ ആഹ്വാനങ്ങളും തടയാന്‍ അധികാരികള്‍ ഒന്നും ചെയ്യുന്നില്ലെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു.
‘അവര്‍ ഇത് രാജ്യത്തുടനീളം ആവര്‍ത്തിക്കുന്നു. ഇപ്പോള്‍ ഇത് ഉനയിലാണ് (ഹിമാചല്‍ പ്രദേശില്‍). ഇത് തടയാന്‍ ഞങ്ങള്‍ കലക്ടര്‍ക്കും പൊലീസ് സൂപ്രണ്ടിനും കത്തെഴുതി, അവര്‍ ഒന്നും ചെയ്തില്ല- സിബല്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ വിദ്വേഷപ്രസംഗം തടയാന്‍ സംസ്ഥാനം ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഹിമാചല്‍ പ്രദേശിന്റെ അഭിഭാഷകന്‍ വാദിച്ചു. വിദ്വേഷ പ്രസംഗം തടയാന്‍ പരമാവധി ശ്രമിക്കുമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാരും വ്യക്തമാക്കി.
തുടര്‍ന്ന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന സംസ്ഥാനത്തിന്റെ സബ്മിഷന്‍ സുപ്രീംകോടതി രേഖപ്പെടുത്തുകയും അത് സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. കേസ് കൂടുതല്‍ വാദം കേള്‍ക്കാന്‍ മെയ് 9 ലേക്ക് മാറ്റി.