X

റഫാല്‍: കേന്ദ്രത്തിനെതിരെ ചോദ്യ ശരങ്ങളുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാടില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയുന്നതിനായി മാറ്റി വെച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. നാലു മണിക്കൂറിലേറെ നീണ്ട വാദ പ്രതിവാദത്തിനൊടുവില്‍ വിധി പറയാനായി മാറ്റുകയായിരുന്നു.
കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിന്റെ വാദങ്ങളോട് ശക്തമായ ചോദ്യങ്ങളാണ് ചീഫ് ജസ്റ്റിസ്് ഉള്‍പ്പെടെ ഉയര്‍ത്തിയത്. റഫാല്‍ കരാറിനെ കുറിച്ചുള്ള ആക്ഷേപങ്ങളില്‍ വാദം കേള്‍ക്കവെ പ്രതിരോധ സാമഗ്രികള്‍ വാങ്ങാനുള്ള നയം മാറ്റിയതെന്തിനെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി ആരാഞ്ഞു.
പഴയ കരാര്‍ നിലനില്‍ക്കെ പ്രധാനമന്ത്രി പുതിയ കരാര്‍ പ്രഖ്യാപിച്ചത് എങ്ങിനെയെന്നും, വാണിജ്യപരമായ മാനദണ്ഡങ്ങളില്‍ എന്തിന് മാറ്റം വരുത്തിയെന്നും സുപ്രീം കോടതി ചോദിച്ചു. ഓഫ്‌സെറ്റ് കരാറും മുഖ്യ കരാറും ഒരുമിച്ചാണ് പോകേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇക്കാര്യവുമായി ബന്ധപ്പെട്ട് നിയമ മന്ത്രാലയത്തിന്റെ ആശങ്ക എന്തുകൊണ്ട് പരിഗണിച്ചില്ലെന്നും കോടതി ചോദിച്ചു.
അഡീഷണല്‍ ഡിഫന്‍സ് സെക്രട്ടറി വരുണ്‍ മിത്രയോട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഇതിന്റെ വിശദാംശങ്ങള്‍ തേടി. ഇടക്ക് വ്യോമസേന ഉപമേധാവിയേയും നാലു മുതിര്‍ന്ന ഉദ്യോഗസ്ഥരേയും കോടതി വിളിച്ചു വരുത്തി ചോദ്യങ്ങള്‍ ചോദിച്ചു. എയര്‍ മാര്‍ഷല്‍ വിആര്‍ ചൗധരിയും, എയര്‍ വൈസ് മാര്‍ഷല്‍ ടി ചലപതിയും കോടതിയില്‍ ഹാജരായി. എയര്‍ വൈസ് മാര്‍ഷല്‍ കാര്യങ്ങള്‍ ചീഫ് ജസ്റ്റിസിന് മുമ്പാകെ വിശദീകരിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കൊപ്പം ജസ്റ്റിസ് കെഎം ജോസഫും യുയു ലളിതുമാണ് ബെഞ്ചിലുണ്ടായിരുന്നത്.
റഫാലില്‍ ആയുധങ്ങളുടെ വിലവിവരങ്ങള്‍ എല്ലാം പറയാനാവില്ലെന്നും, ആയുധസജ്ജമായ വിമാനത്തിന്റെ വില പുറത്തുവിടാനാവില്ലെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ അറിയിച്ചു.
ആയുധങ്ങളുടെ കാര്യത്തില്‍ രഹസ്യ സ്വഭാവമുണ്ടായില്ലെങ്കില്‍ അത് ശത്രുരാജ്യങ്ങളെ സഹായിക്കുമെന്നായിരുന്നു വാദം. വിമാനത്തിന്റെ അടിസ്ഥാന വിലയും മറ്റ് സജ്ജീകരണങ്ങളുടെ വിലയും കോടതിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വില സംബന്ധിച്ചുള്ള കാര്യങ്ങള്‍ പൊതു സമക്ഷമെത്തുന്നത് ഞങ്ങള്‍ അതിന് അനുമതി നല്‍കിയാല്‍ മാത്രമേ ഉണ്ടാവൂ എന്നായിരുന്നു കോടതിയുടെ മറുപടി. വില വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് കോടതി തീരുമാനിച്ചാല്‍ മാത്രം ഇക്കാര്യം ചര്‍ച്ച ചെയ്താല്‍ മതിയെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
എന്നാല്‍ റഫാല്‍ ഇടപാട് കോടതി വിലയിരുത്തിയതിനെ കേന്ദ്രം എതിര്‍ത്തു. ഇടപാട് വിലയിരുത്തേണ്ടത് വിദഗ്ധരാണെന്നും കോടതി അല്ലെന്നുമായിരുന്നു എ.ജിയുടെ വാദം. റഫാല്‍ കരാറില്‍ ഫ്രഞ്ച് സര്‍ക്കാരിന്റെ ഗ്യാരന്റിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. റഫാലില്‍ റിലയന്‍സിന്റെ പങ്കാളിത്തം ചോദ്യം ചെയ്ത പ്രശാന്ത് ഭൂഷണിന്റെ ആരോപണങ്ങളും കോടതി സസൂക്ഷ്മം നിരീക്ഷിച്ചു. റഫാല്‍ ഇടപാടില്‍ ദസോക്കു വേണ്ടി തദ്ദേശ പങ്കാളിയെ തെരഞ്ഞെടുത്തതില്‍ സര്‍ക്കാറിന് പങ്കില്ലെന്നും ദസോ തന്നെയാണ് തെരഞ്ഞെടുത്തതെന്നും എ. ജി കോടതിയെ അറിയിച്ചു.
ഇടപാടിലെ ഇന്ത്യന്‍ പങ്കാളിയെ കുറിച്ച് അറിവില്ലെങ്കില്‍ ഇന്ത്യയുടെ താല്‍പര്യം എങ്ങനെ സംരക്ഷിക്കപ്പെടുമെന്നും, തെരഞ്ഞെടുക്കപ്പെടുന്ന പങ്കാളി വ്യവസ്ഥകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവര്‍ ആണോ എന്ന് അറിയേണ്ടതല്ലേ എന്നും കോടതി ചോദിച്ചു.
എന്തിനാണ് ഇന്ത്യന്‍ പങ്കാളിയെ സംബന്ധിച്ച മാനദണ്ഡത്തില്‍ മാറ്റം വരുത്തിയതെന്നും കോടതി ചോദിച്ചു. പഴയ കരാര്‍ പരിഗണനയിലിരിക്കെ പുതിയ കരാര്‍ 2015 ഏപ്രിലില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചത് എങ്ങനെ? 2015 മാര്‍ച്ചില്‍ തന്നെ പഴയ കരാര്‍ പിന്‍ലിക്കുന്നതിന്റെ നടപടികള്‍ തുടങ്ങിയതായി കോടതിക്ക് മുന്‍പാകെ ഉള്ള രേഖകളില്‍ പറയുന്നുണ്ടല്ലോയെന്നും കോടതി ചോദിച്ചു.

chandrika: