കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ നടപടി സ്‌റ്റേ ചെയ്യണമെന്ന ഗൂഗിളിന്റെ ആവശ്യം സൂപ്രീംകോടതി തള്ളി. കമ്പനിക്ക് സിസിഐ നേരത്തേ നിശ്ചയിച്ച പിഴ തുകയുടെ 10 ശതമാനം കെട്ടിവെക്കണമെന്നും നിര്‍ദേശിച്ചു. ഇതിനായി ഒരാഴ്ചത്തെ സമയം നിട്ടി നല്‍കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഗൂഗിളിന് ഏഴ് ദിവസത്തെ സമയം അനുവദിച്ചത്.
നിരവധി ആരോപണങ്ങളുയര്‍ത്തി അമേരിക്കന്‍ ടെക് ഭീമനായ ഗൂഗിളിനെതിരെ രാജ്യത്ത് കടുത്ത നടപടികളാണ് കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ സ്വീകരിച്ചുവരുന്നത്. 2022ല്‍ മാത്രം അവര്‍ക്കെതിരെ പിഴയായി ചുമത്തിയിരിക്കുന്നത് 2273 കോടി രൂപയാണ്. ആന്‍ഡ്രോയിഡ് മൊബൈല്‍ പ്ലാറ്റ്‌ഫോമിലെ ആധിപത്യ സ്ഥാനം ദുരുപയോഗം ചെയ്തതിന് 1337 കോടി രൂപയും, അതുപോലെ പ്ലേ സ്‌റ്റോര്‍ വഴി അവര്‍ക്കുള്ള മേധാവിത്വം ദുരുപയോഗം ചെയ്തതിന് 936 കോടി രൂപയുമാണ് സി.സി.ഐ പിഴ ചുമത്തിയത്.
സി.സി.ഐയുടെ ഈ നടപടി സ്‌റ്റേ ചെയ്യണമെന്ന ഗൂഗ്‌ളിന്റെ ആവശ്യം കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ തള്ളുകയും പിഴ തുകയുടെ 10 ശതമാനം കെട്ടിവെക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. അതിനെതിരെയാണ് ഗൂഗിള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.
ഈ വര്‍ഷം മാര്‍ച്ച് 31നകം സി.സി.ഐയുടെ ഉത്തരവിനെതിരായ ഗൂഗിളിന്റെ അപ്പീല്‍ തീര്‍പ്പാക്കാന്‍ ട്രൈബ്യൂണലിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. മൂന്ന് പ്രവൃത്തി ദിവസത്തിനകം ട്രൈബ്യൂണലിനെ സമീപിക്കാന്‍ യുഎസ് കമ്പനിയോടും ആവശ്യപ്പെട്ടിട്ടു.