X
    Categories: indiaNews

ഹലാല്‍ മാംസം നിരോധിക്കണമെന്ന് ഹര്‍ജി; ഭക്ഷണ ശീലത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഹലാലായി മൃഗങ്ങളെ അറുക്കുന്ന രീതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. അഖണ്ഡ് ഭാരത് മോര്‍ച്ച എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. മുസ്‌ലിം സമൂഹം പിന്തുടര്‍ന്നുപോരുന്ന ആചാരമാണ് ഹലാല്‍ കശാപ്പ്.

ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്. ഹര്‍ജിയുടെ ഉദ്ദേശ്യത്തെ കോടതി ചോദ്യം ചെയ്യുകയും ജനങ്ങളുടെ ഭക്ഷണ ശീലങ്ങളില്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

‘ആരാണ് വെജിറ്റേറിയന്‍ അല്ലെങ്കില്‍ നോണ്‍ വെജിറ്റേറിയന്‍ എന്ന് നിര്‍ണ്ണയിക്കാന്‍ കോടതിക്ക് കഴിയില്ല. ഹലാല്‍ മാംസം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഹലാല്‍ മാംസം കഴിക്കാം. ജട്ക മാംസം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജട്ക മാംസം കഴിക്കാം, ‘ജസ്റ്റിസ് ദിനേശ് മഹേശ്വരി അടങ്ങിയ ബെഞ്ച് പറഞ്ഞു.

ഹലാല്‍ അങ്ങേയറ്റം വേദനാജനകമാണെന്നും ഹലാലിന്റെ പേരില്‍ മൃഗങ്ങളെ മനുഷ്യത്വരഹിതമായി അറുക്കാന്‍ അനുവദിക്കരുതെന്നുമാണ് സംഘടന ഹരജിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അപേക്ഷ ദുരുദ്ദേശ്യത്തോടെയുള്ളതാണെന്ന് കോടതി പറഞ്ഞു.

 

chandrika: