ന്യൂഡല്‍ഹി: കശാപ്പിനായി കന്നുകാലികളെ ചന്തയില്‍ വില്‍ക്കുന്നത് തടയുന്ന കേന്ദ്ര വിജ്ഞാപനത്തിന് സുപ്രീംകോടതി സ്‌റ്റേ അനുവദിച്ചില്ല. വിജ്ഞാപനത്തില്‍ മേല്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിന് നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കേസ് ജൂലായ് 11ന് വീണ്ടും പരിഗണിക്കും. കേന്ദ്ര സര്‍ക്കാറിന്റെ അഭിപ്രായം കൂടി കണക്കിലെടുത്ത് തീരുമാനം കേട്ടശേഷം നടപടിയെടുക്കാമെന്ന് കോടതി നിലപാടെടുത്തു. വിഷയത്തില്‍ അടിയന്തിരമായി വാദം കേള്‍ക്കണമെന്ന ആവശ്യം കോടതി തള്ളി. മലയാളിയായ സാബുസ്റ്റീഫന്‍, ഓള്‍ ഇന്ത്യ ജംഇയ്യത്തുല്‍ ഖുറേഷ് ആക്ഷന്‍കമ്മിറ്റി അധ്യക്ഷന്‍ മുഹമ്മദ് അബ്ദുള്‍ ഫഹീം ഖുറേഷി എന്നിവരാണ് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഭക്ഷണാവശ്യത്തിനായി മൃഗങ്ങളെ കൊല്ലുന്നത് മൃഗങ്ങളോടുള്ള ക്രൂരതതടയല്‍ നിയമത്തിലെ 11(3)(ഇ) പ്രകാരം അനുവദിച്ചിട്ടുണ്ടെന്ന് സാബു സ്റ്റീഫന്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. കശാപ്പിനായി കന്നുകാലികളെ ചന്തയില്‍ വില്‍ക്കുന്നത് തടയുന്ന പുതിയ ചട്ടം റദ്ദാക്കണം. സംസ്ഥാന മൃഗക്ഷേമ ബോര്‍ഡുകള്‍ പിരിച്ചുവിടണമെന്നും ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു. മെയ് 23ന് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് ഖുറേഷിയുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നത്. ഗോരക്ഷാ സംഘങ്ങളും മറ്റും കര്‍ഷകരെ ഉപദ്രവിക്കുന്നതിലേക്കും ഇത് വഴിവെക്കുമെന്നും കര്‍ഷകരുടെ ജീവിക്കാനുള്ള അവകാശം ലംഘിക്കുന്നതാണ് വിജ്ഞാപനമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമത്തിന്റെ 28ാം വകുപ്പുപ്രകാരം മതപരമായ ആവശ്യങ്ങള്‍ക്ക് മൃഗങ്ങളെ ബലിനല്‍കുന്നത് അനുവദനീയമാണ്. അതിനാല്‍ വിജ്ഞാപനം ന്യൂനപക്ഷ അവകാശങ്ങളുടെയും മതസ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം രാജ്യത്ത് ബീഫ് നിരോധനമേര്‍പ്പെടുത്തിയിട്ടില്ലെന്നും മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ പശ്ചാതലത്തില്‍ രാജ്യത്ത് നിയമം തടഞ്ഞതായാണ് കേന്ദ്രം മനസിലാക്കുന്നതെന്നും കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി നരസിംഹ കോടതിയെ അറിയിച്ചു.