X

പത്മാവതി നിരോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി തളളി

ന്യൂഡല്‍ഹി: ബോളിവുഡ് ചിത്രം പത്മാവതി നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ഈ സിനിമ ഇപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് പരിഗണനയിലാണെന്നും അതുകൊണ്ടു തന്നെ റീലീസ് സംബന്ധിച്ച കാര്യങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് തീരുമാനിക്കുമെന്നും സുപ്രീം കോടതി വിലയിരുത്തി.

ഡിസംബര്‍ ഒന്നിനാണ് ചിത്രം റീലീസ് ചെയ്യാന്‍ നേരത്തെ തീരുമാനിച്ചിരുന്നത്. പ്രതിഷേധം ശക്തമാവുന്ന പശ്ചാത്തലത്തില്‍ ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യാനാവില്ലെന്ന് നിര്‍മ്മാതാക്കളായ വയാകോം മോഷന്‍ പിക്‌ചേര്‍സ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പ്രശ്‌നങ്ങളൊഴിവാക്കാന്‍ തങ്ങള്‍ സ്വമേധായ റീലീസ് മാറ്റിവയ്ക്കുകയാണെന്നായിരുന്നു നിര്‍മ്മാതാക്കളുടെ വിശദീകരണം.

സിനിമയുടെ ചിത്രീകരണസമയത്തുതന്നെ ഒരുപാട് പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ചിത്തോറിലെ റാണി പദ്മാവതിയും ഡല്‍ഹി സുല്‍ത്താനായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയരംഗങ്ങളുണ്ടെന്നും ഇത് തങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും പറഞ്ഞ് രജപുത്രകര്‍ണിസേന രംഗത്തെത്തി. രജപുത്ര രാജ്ഞിയായ റാണി പദ്മാവതിയുടെ കഥ പറയുന്ന സിനിമ ഹൈന്ദവ സംസ്‌കാരത്തെ വൃണപ്പെടുത്തുന്നതാണെന്നായിരുന്നു കര്‍ണി സേനയുള്‍പ്പെടെയുള്ള രജപുത്ര സംഘടനകളുടെ വാദം. തുടര്‍ന്ന് ബി.ജെ.പിയും പ്രതിഷേധവുമായി രംഗത്ത് വന്നു.

കര്‍ണി സേന രാജസ്ഥാനിലെ സിനിമാ ചിത്രീകരണ സ്ഥലം ആക്രമിച്ചതോടെ ഷൂട്ടിങ് മഹാരാഷ്ട്രയിലെ കോലാപുരിലേക്കു മാറ്റി. ഇവിടെ ചിത്രീകരണത്തിനുള്ള ‘സെറ്റ്’ പൂര്‍ണമായി തീപിടിച്ച് നശിച്ചിരുന്നു. മാത്രമല്ല സംവിധായകനെ കയ്യേറ്റം ചെയ്യുകയും ചെയ്തു.

ഇതിനൊടുവിലാണ് സിനിമാ സംവിധായകനായ സഞ്ജയ് ലീലാ ബന്‍സാലിയുടെയും നായികാ ദീപികാ പദുക്കോണിന്റെയും തല കൊയ്യുന്നവര്‍ക്ക് പത്ത് കോടി രൂപ പ്രതിഫലം നല്‍കുമെന്ന് ബിജെപി നേതാവ് പ്രസ്താവന ഇറക്കിയത്.

എന്നാല്‍, വാര്‍ത്താ വിതരണ മന്ത്രി സ്മൃതി ഇറാനി ചിത്രത്തിന് പൂര്‍ണ പിന്തുണ ഉറപ്പ് നല്‍കുകയായിരുന്നു. രാജ്യത്തെ നിയമ സംവിധാനങ്ങള്‍ പദ്മാവതിയുടെ റിലീസിന് ഒരു രീതിയിലുള്ള തടസങ്ങളും സൃഷ്ടിക്കില്ലെന്നും സ്മൃതി നിലപാട് വ്യക്തമാക്കിയികുന്നു.

പക്ഷെ, സിനിമാ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ പദ്മാവതിക്ക് മധ്യപ്രദേശ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് രജ്പുത് വിഭാഗക്കാര്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് അപേക്ഷ നല്‍കിയതിനു പിന്നാലെയാണ് ചിത്രത്തിന് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്.

chandrika: