ഡല്‍ഹി: ദേശീയ വാക്‌സിന്‍ നയവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതിയുടെ വിമര്‍ശനവും പരിഹാസവും. ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം പുഴയിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ പുറത്തെത്തിച്ച ചാനലിനെതിരെ ആയിരിക്കുമോ അടുത്ത രാജ്യദ്രോഹ കുറ്റം ചുമത്തുകയെന്ന് ജസ്റ്റിസ് ഡിവൈ.ചന്ദ്രചൂഡും ജസ്റ്റിസ് എല്‍ നാഗേശ്വര റാവുവും ഉള്‍പ്പെട്ട ബെഞ്ച് പരിഹാസരൂപേണ ചോദിച്ചു.
ആന്ധ്രപ്രദേശില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് വിമത എംപിയുടെ പ്രസ്താവന സംപ്രേഷണം ചെയ്തതിന് രണ്ടു ചാനലുകള്‍ക്കെതിരെ ആന്ധ്രപോലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തിരുന്നു. നടപടി സുപ്രീംകോടതി തടയുകയുണ്ടായി.
ജസ്റ്റിസ് ഡിവൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഇതേ ബെഞ്ച് തന്നെയാണ് ഇന്ന് ആന്ധ്രയിലെ ചാനുലകള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയ ഹര്‍ജിയും പരിഗണിച്ചത്.
ആന്ധ്രപോലീസ് എഫ്‌ഐആറിലൂടെ പ്രഥമദൃഷ്ട്യാ മാധ്യമ സ്വാതന്ത്ര്യം കവര്‍ന്നെടുക്കാനുള്ള ശ്രമമാണ് നടത്തിയതെന്ന് കോടതി വിലയിരുത്തി. രാജ്യദ്രോഹത്തിന്റെ പരിധി ഞങ്ങള്‍ നിര്‍വചിക്കേണ്ട സമയമാണിതെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.