സാലറി ചലഞ്ച് വിഷയത്തില്‍ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രളയദുരിതാശ്വാസത്തിന് ഒരു മാസത്തെ ശമ്പളം നല്‍കാനാകാത്ത ഉദ്യോഗസ്ഥര്‍ വിസമ്മതപത്ര നല്‍കണമെന്ന വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു.
ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് വിനീത് സരൺ എന്നിവർ അംഗങ്ങളായ ബഞ്ചാണ് സർക്കാരിന്‍റെ അപ്പീൽ പരിഗണിച്ചത്. ഹൈക്കോടതി വിധിയ്ക്കെതിരെ സംസ്ഥാനസർക്കാർ നൽകിയ അപ്പീൽ തള്ളിയ സുപ്രീംകോടതി സംഭാവന കിട്ടിയ പണം കൃത്യമായി ഉപയോഗിക്കുന്നുവെന്നത് ഉറപ്പാക്കേണ്ടത് സർക്കാരാണെന്നും പറഞ്ഞു.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ശരിയാണ്. അതില്‍ ഇടപെടാനാകില്ലെന്ന് ജസ്റ്റിസ് അരുണ്‍ കുമാര്‍ മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. താനും തന്‍റെ സഹജഡ്‍ജിയും (ജ.വിനീത് ശരൺ) കേരളത്തിലെ പ്രളയക്കെടുതി നേരിടാൻ ഇരുപത്തയ്യായിരം രൂപ സംഭാവന നൽകിയതാണെന്ന് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. എന്നാൽ ഈ തുക എന്തിന് ഉപയോഗിക്കുന്നുവെന്ന് അറിയില്ല. മധ്യപ്രദേശിലെ വെള്ളപ്പൊക്കകാലത്തും സമാനമായ അവസ്ഥയുണ്ടായിട്ടുണ്ട്. സർക്കാർ പിരിച്ച തുക വകമാറ്റി ചെലവഴിച്ച വിവരം തന്‍റെ ചേംബറിലേയ്ക്ക് വന്നാൽ വിശദമായി പറഞ്ഞുതരാമെന്നും ജസ്റ്റിസ് മിശ്ര അഭിഭാഷകരോട് പറഞ്ഞു.
കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പണം നല്‍കേണ്ടയെന്നാണ് തീരുമാനമെങ്കില്‍ അത് അറിയിച്ചുകൊണ്ട് ഒരു വിസമ്മത പത്രം നല്‍കേണ്ട ആവശ്യകതയെന്താണെന്നും കോടതി ചോദിച്ചു. പല കാരണം കൊണ്ടും പണം നല്‍കാന്‍ കഴിയാത്തവരുണ്ടാകും. അവരെ ഒരു വിസമ്മത പത്രത്തിലൂടെ അപമാനിതരാക്കുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.