ന്യൂഡല്‍ഹി: പദ്മാവത് സിനിമക്ക് നാല് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ നിരോധനം സുപ്രിംകോടതി നീക്കി. സര്‍ഗാത്മക അവകാശങ്ങളെ ഇല്ലാതാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് സിനിമക്കേര്‍പ്പെടുത്തിയ നിരോധനം നീക്കിയത്. നിരോധനത്തിനെതിരെ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. ഇതോടെ ജനുവരി 25ന് ചിത്രം ഇന്ത്യയൊട്ടാകെ റിലീസ് ചെയ്യും.
സഞ്ജയ് ലീല ബന്‍സാലിയാണ് പദ്മാവത് സിനിമ സംവിധാനം ചെയ്യുന്നത്. രജ്പുത് വികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഹരിയാന സംസ്ഥാനങ്ങള്‍ സിനിമക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. സിനിമയുടെ പേരും വിവാദരംഗങ്ങളും മാറ്റിയിട്ടും സിനിമക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് സുപ്രിംകോടതി പറഞ്ഞു ചിത്രം പ്രദര്‍ശിപ്പിക്കുമ്പോള്‍ ക്രമസമാധാനം ഉറപ്പുവരുത്തുകയാണ് സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യേണ്ടതെന്നും കോടതി പറഞ്ഞു.
ദീപിക പദുകോണും ഷാഹിദ് കപൂറും രണ്‍വീര്‍ സിങ്ങും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രം വിവാദങ്ങളെ തുടര്‍ന്ന് പേര് മാറ്റിയിരുന്നു. പദ്മാവതി എന്നതിനു പകരം പദ്മാവത് എന്ന് പേരു മാറ്റുകയുെ ചെയ്തതിന് ശേഷമാണ് വീണ്ടും വിലക്ക് നേരിട്ടത്.