ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 35-എ ഭരണഘടനാ വിരുദ്ധമാണോയെന്ന് പരിശോധിക്കുമെന്ന് സുപ്രീം കോടതി. ആര്‍ട്ടിക്കിള്‍ 35-എ വകുപ്പ് പിന്‍വലിക്കണമെന്ന ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിടുന്നത് പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഹര്‍ജി പരിഗണിക്കവെ 60 വര്‍ഷമായി നിലനില്‍ക്കുന്നതാണ് ആര്‍ട്ടിക്കിള്‍ 35-എ എന്ന് ദീപക് മിശ്ര നിരീക്ഷിച്ചിരുന്നു. ഹര്‍ജി ഓഗസ്റ്റ് 27ന് വീണ്ടും പരിഗണിക്കും.
ഭൂ ഉടമസ്ഥത, തൊഴില്‍ തുടങ്ങിയ വിഷയങ്ങളില്‍ നിയമനിര്‍മാണം നടത്താന്‍ ജമ്മു കശ്മീര്‍ സര്‍ക്കാറിന് പ്രത്യേക അധികാരം നല്‍കുന്നതാണ് ഭരണഘടനയിലെ 35-എ വകുപ്പ്. ഈ നിയമപ്രകാരം കശ്മീരില്‍ ഭൂമി വാങ്ങുന്നതിന് മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് വിലക്കുണ്ട്. തൊഴില്‍, ആനുകൂല്യങ്ങള്‍ എന്നിവക്കും ഈ നിയന്ത്രണം ബാധകമാണ്. 35-എ വകുപ്പ് സാധുതയില്ലാത്തതാണെന്നും അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി.