ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പത്രമായ ദ വയറിനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷായുടെ മകന്‍ ജെയ് ഷാക്ക് തിരിച്ചടി. കേസിലെ വിചാരണക്കോടതി നടപടി സുപ്രീംകോടതി തല്‍ക്കാലത്തേക്ക് സ്‌റ്റേ ചെയ്തു.
ജെയ് ഷായുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ആസ്തി വര്‍ധനവുമായി ബന്ധപ്പെട്ട് വാര്‍ത്ത നല്‍കിയതിനാണ് ദ വയറിനെതിരെ ഗുജറാത്ത് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ബി.ജെ.പി അധികാരത്തില്‍ എത്തിയ ശേഷം ജെയ് ഷായുടെ രണ്ട് കമ്പനികളുടെ ആസ്തിയില്‍ 16,000 മടങ്ങ് വര്‍ധനവുണ്ടായെന്നായിരുന്നു ദ വയറിന്റെ വെളിപ്പെടുത്തല്‍. വാര്‍ത്ത അമിത് ഷായെയും ബി.ജെ.പിയേയും ഒരുപോലെ പ്രതിക്കൂട്ടിലാക്കിയതോടെയാണ് 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതി കയറിയത്. തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് വിചാരണക്കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു.
വിചാരണക്കോടതി നടപടിക്കെതിരെ ദ വയര്‍ ആണ് സുപ്രീംകോടതിയെ സമീപിച്ചത്. മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചു വിലങ്ങിടുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. എന്നാല്‍ മാധ്യമങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണം. പ്രത്യേകിച്ച് ഇലക്ട്രോണിക് മാധ്യമങ്ങള്‍- ചീഫ് ജസ്റ്റിസ് പറഞ്ഞു.
വാര്‍ത്ത തന്റെ കക്ഷിയെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് ആസൂത്രിതമായി കെട്ടിച്ചമച്ചതാണെന്നായിരുന്നു ജെയ് ഷാക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എന്‍.കെ കൗളിന്റെ വാദം. എന്നാല്‍ ദ വയറിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബല്‍ ഇതിനെ ഖണ്ഡിച്ചു. ഇവ്വിധം മാധ്യമങ്ങളുടെ കഴുത്തിനു പിടിക്കാന്‍ കോടതികള്‍ തുനിഞ്ഞാല്‍ ഏതെങ്കിലും മാധ്യമപ്രവര്‍ത്തക്ക് ഇനി മേലില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയുമോ എന്ന ഒറ്റ ചോദ്യമാണ് തനിക്ക് ഉന്നയിക്കാനുള്ളതെന്ന് സിബല്‍ പറഞ്ഞു.
തുടര്‍ന്നാണ് വിചാരണക്കോടതി നടപടികള്‍ നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. ഏപ്രില്‍ 12ന് കേസില്‍ വിശദമായ വാദം കേള്‍ക്കും. അതുവരെ കേസിലെ തുടര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്നാണ് കോടതി നിര്‍ദേശം.