X

’24 വയസുള്ള പെണ്‍കുട്ടിയുടെ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് എന്ത് അവകാശം’; ഹാദിയ കേസില്‍ ഇടപെട്ട് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ സുപ്രീംകോടതിയുടെ നിര്‍ണായക ഇടപെടല്‍. പ്രായപൂര്‍ത്തിയായ ഹാദിയക്കു തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ടെന്ന് പരമോന്നതനീതിപീഠം നിരീക്ഷിച്ചു. ഹാദിയയുടെ സംരക്ഷണ അവകാശം അച്ഛന്‍ അശോകനു മാത്രമല്ല. 24 വയസ്സുള്ള യുവതിയാണ് ഹാദിയ. സ്വന്തം ജീവിതത്തെക്കുറിച്ച് തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ഷഫീന്‍ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെയും സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. 24 വയസ്സുള്ള യുവതിയുടെ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് എന്ത് അവകാശമാണുള്ളതെന്ന് സുപ്രീംകോടതി ചോദിച്ചു. ഹാദിയ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് ഷഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.
പുറംലോകവുമായി ഒരു ബന്ധവും സ്ഥാപിക്കാന്‍ അനുവദിക്കാതെ ഹാദിയയെ വീട്ടുതടങ്കലില്‍ ആക്കിയിരിക്കുകയാണെന്നും കോടതി ഉത്തരവിന്റെ പേരില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ഹാദിയ നേരിടുന്നതെന്നുമാണ് ഷെഫിന്‍ ജഹാന്‍ ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.
ആവശ്യമെങ്കില്‍ ഹാദിയക്കു സംരക്ഷണം ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. കേസില്‍ എന്‍.ഐ.എ അന്വേഷണം വേണമോയെന്ന കാര്യവും പരിശോധിക്കും. ഹാദിയ കേസില്‍ കക്ഷി ചേരാന്‍ വനിതാ കമ്മീഷന് അനുവാദവും നല്‍കിയിട്ടുണ്ട്. കേസ് വീണ്ടും തിങ്കളാഴ്ച പരിഗണിക്കും.

chandrika: