ന്യൂഡല്‍ഹി: ഷഹീന്‍ബാഗിലെ സമരക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ വിധി പറയുന്നത് സുപ്രിംകോടതി നീട്ടി. സമരങ്ങള്‍ പരമമായ അവകാശമല്ലെന്നും അത് സഞ്ചാര സ്വാതന്ത്ര്യവുമായി ഒത്തു പോകണമെന്നും നിരീക്ഷിച്ച ശേഷമാണ് ജസ്റ്റിസ് എസ്‌കെ കൗള്‍ അധ്യക്ഷനായ ബഞ്ച് വിധി പറയാന്‍ നീട്ടിയത്.
കഴിഞ്ഞ മാര്‍ച്ചില്‍ നല്‍കിയ ഹര്‍ജിയില്‍ വിധി പറയുന്നത് ഇപ്പോള്‍ അപ്രസക്തമാണെന്ന് കേന്ദ്രസര്‍ക്കാറിന് വേണ്ടി ഹാജരായ അറ്റോണി ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. എന്നാല്‍ അത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാനാണ് കോടതി ഇടപെടല്‍ ആവശ്യപ്പെടുന്നത് എന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ അമിത് സാഹ്നി വാദിച്ചു.
പ്രതിഷേധിക്കാനുള്ള അവകാശവും വഴി നടക്കാനുള്ള അവകാശവും യോജിച്ച് പോകേണ്ടതുണ്ടെന്ന് ബഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ബോസ് നിരീക്ഷിച്ചു. റോഡ് തന്നെ പ്രതിഷേധത്തിന് ഉപയോഗിക്കുന്നത് എന്തിന് എന്നും അദ്ദേഹം ചോദിച്ചു. ഇതില്‍ മൊത്തത്തില്‍ ഒരു നയം രൂപവത്കരിക്കാന്‍ കഴിയില്ല. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ സംവാദത്തിന് ഇടമുണ്ടാകണം. എങ്ങനെ, എവിടെ എന്നതു മാത്രമാണ് പ്രശ്‌നം. എങ്ങനെ സന്തുലിതമാകാം എന്നതും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുക്തിപരമായ നിയന്ത്രണത്തോടെ പ്രതിഷേധിക്കാനുള്ള അവകാശം മൗലികമാണ് എന്നാണ് തുഷാര്‍ മേത്ത വാദിച്ചത്.