X

ഭരണഘടന കോടതിക്ക് പരമാധികാരം നല്‍കുന്നില്ല: ജസ്റ്റിസ് ചെലമേശ്വര്‍

ന്യൂഡല്‍ഹി: സുപ്രീം കോടതിയല്ല പരമാധികാര കോടതിയെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ചെലമേശ്വര്‍. ഭരണഘടന സുപ്രീം കോടതിക്ക് പരമാധികാരം നല്‍കുന്നില്ല. പക്ഷേ ജഡ്ജിമാരെ നിയമിക്കുന്നതിനും സ്ഥലം മാറ്റുന്നതിനുമെല്ലാം സുപ്രീം കോടതി ഈ അധികാരം സ്വമേധയാ ഉപയോഗിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വതന്ത്രവും പക്ഷപാതിത്വ രഹിതവുമായ നീതിന്യായ വ്യവസ്ഥിതി ജനാധിപത്യം നിലനില്‍ക്കാന്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജോര്‍ജ്ജ് എച്ച് ഗാഡ്‌ബോയിസിന്റെ സുപ്രീം കോര്‍ട്ട് ഓഫ് ഇന്ത്യ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കവെയാണ് ജസ്റ്റിസ് ചെലമേശ്വര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സുപ്രീം കോടതി ജനനന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്.

ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നവയാണു സുപ്രീംകോടതിയുടെ വിധിപ്രസ്താവങ്ങള്‍. സുപ്രീം കോടതിയുടെ വിശ്വാസ്യത വീണ്ടെടുത്താലേ ജനാധിപത്യം ശക്തിപ്പെടൂ. തുടര്‍ച്ചയായ പ്രക്രിയയാണിത്. നീതിന്യായ വ്യവസ്ഥയില്‍ നിരന്തരമായ പരിശോധന ആവശ്യമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതിന്റെ ഭരണഘടന തന്നെയാണ് ഏറ്റവും വലിയ പൊതുനയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ എട്ടിലൊന്നോ, ആറിലൊന്നോ ജനങ്ങള്‍ സുപ്രീം കോടതിയുമായി നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം ബാക്കി ജനവിഭാഗത്തേയും സുപ്രീം കോടതി വിധികള്‍ ഒരര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തി ല്‍ ബാധിക്കുന്നുണ്ടെന്നും വ്യക്തമാക്കി.

സുപ്രീം കോടതി ബെഞ്ച് രൂപീകരിക്കുന്നതിലും കേസുകള്‍ അനുവദിക്കുന്നതിലും ചീഫ് ജസ്റ്റിസ് ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്നാരോപിച്ച് ജസ്റ്റിസ് ചെലമേശ്വര്‍ ഉള്‍പ്പെടെ നാല് സുപ്രീം കോടതി ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ രംഗത്തു വന്നത് ഏറെ വിവാദമായിരുന്നു. ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലൊക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് ചെലമേശ്വറിനു പുറമെ രംഗത്തു വന്നവര്‍.

chandrika: