X

കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന കേസുകളില്‍ കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യണമെന്ന് സുപ്രീംകോടതി. ഇതു സംബന്ധിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. സുപ്രീം കോടതിയിലെ നടപടികള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ എത്തുന്നതോടു കൂടി കൂടുതല്‍ സുതാര്യത കൈവരുമെന്ന് ബെഞ്ച് നിരീക്ഷിച്ചു.

മാനഭംഗം, വിവാഹ സംബന്ധമായ കേസുകളൊഴികെ ഭരണഘടനാപരമായ എല്ലാ വാദപ്രതിവാദങ്ങളും പൊതുജനത്തിന് ലഭ്യമാക്കാമെന്ന് കോടതി വ്യക്തമാക്കി. സുപ്രീം കോടതിയുടെ വെബ്‌സൈറ്റ് വഴിയാകും ആദ്യം സംപ്രേക്ഷണം നടത്തുക. പിന്നീട് ഒരു ചാനല്‍ ആരംഭിക്കാവുന്നതാണെന്നും, ഇതില്‍ കേന്ദ്രസര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതോടു കൂടി പ്രധാന കോടതികളുടെ നടപടികള്‍ തത്സമയം പ്രക്ഷേപണം ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറും. മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗാണ് ഇതുമായ് ബന്ധപ്പെട്ട ഹര്‍ജി സമര്‍പ്പിച്ചത്.

chandrika: