X

ജഡ്ജിമാര്‍ ഉയര്‍ത്തിയത് അതീവ ഗൗരവമുള്ള വിഷയം; ലോയയുടെ മരണം അന്വേഷിക്കണം: രാഹുല്‍ ഗാന്ധി

 

ന്യൂഡല്‍ഹി: കൊളീജിയം അംഗങ്ങളായ നാല് ജഡ്ജിമാര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു നേരെയുള്ള ആരോപണം ഏറ്റവും ഗൗരവത്തോടെ അന്വേഷിക്കപ്പെടേണ്ടതാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജഡ്ജിമാരുടെ പത്രസ്സമ്മേളനത്തിന് ശേഷം കോണ്‍ഗ്രസ് നേതാക്കളായ കബില്‍ സിബലും പി.ചിദംബരവും രാഹുലിനെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് രാഹുല്‍ മാധ്യമങ്ങളെ കണ്ടത്. മനീഷ് തിവാരി, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരും രാഹുലുമായി വിഷയം ചര്‍ച്ച ചെയ്തു.

ജഡ്ജിമാര്‍ ഉയര്‍ത്തിയത് അതീവ ഗൗരവമുള്ള വിഷയമാണ്. അവ പ്രധാന്യത്തോടെ പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ജനാധിപത്യത്തിന് ഭീഷണിയാവുമെന്ന് ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു.ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട പ്രശ്‌നവും ജഡ്ജിമാര്‍ ഉയര്‍ത്തിയിട്ടുണ്ട്. ലോയയുടെ മരണം അന്വേഷിക്കണം രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ ആരോപണവവുമായി സുപ്രീംകോടതി ജസ്റ്റിസ് ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് കോടതി നടപടികള്‍ നിര്‍ത്തിവച്ച് കോടതിക്കു പുറത്ത് വാര്‍ത്താസമ്മേളനം വിളിച്ചത്.കുറച്ചു മാസങ്ങളായി സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ വിധത്തിലല്ല നടക്കുന്നതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ജഡ്ജിമാര്‍ ആരോപിച്ചിരുന്നു, ഗുജറാത്തിലെ സൊഹ്‌റാബുദീന്‍ ഷെയ്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദംകേട്ട ജഡ്ജി ബി.എച്ച് ലോയയുടെ ദുരൂഹമരണം ബന്ധപ്പെട്ട പ്രശ്‌നവും ജഡ്ജിമാര്‍ വാര്‍ത്ത സമ്മേളനത്തില്‍ ഉയര്‍ത്തിയിരുന്നു.

chandrika: