X

ഹാദിയ കേസ്; സുപ്രിംകോടതിയില്‍ ഇന്ന് സംഭവിച്ചത്

ന്യൂഡല്‍ഹി: പ്രമാദമായ ഹാദിയ കേസില്‍ നിര്‍ണായകമായ ഇടപെടല്‍ നടത്തിയ സുപ്രീംകോടതി, യുവതിയെ രക്ഷിതാക്കളുടെ നിയന്ത്രണത്തില്‍നിന്ന് മോചിതയാക്കി. അച്ഛന്റെ സംരക്ഷണത്തില്‍ കഴിയാന്‍ താത്പര്യമില്ലെന്ന് തുറന്ന് പറഞ്ഞ ഹാദിയയെ, ഇട
ന്യൂഡല്‍ഹി: പ്രമാദമായ ഹാദിയ കേസില്‍ നിര്‍ണായകമായ ഇടപെടല്‍ നടത്തിയ സുപ്രീംകോടതി, യുവതിയെ രക്ഷിതാക്കളുടെ നിയന്ത്രണത്തില്‍നിന്ന് മോചിതയാക്കി. അച്ഛന്റെ സംരക്ഷണത്തില്‍ കഴിയാന്‍ താത്പര്യമില്ലെന്ന് തുറന്ന് പറഞ്ഞ ഹാദിയയെ, ഇടയ്ക്കു വെച്ച് മുടങ്ങിയ ഹോമിയോപ്പതി പഠനം തുടരാനും കോടതി അനുവദിച്ചു. തമിഴ്‌നാട് സേലത്തെ ശിവരാജ് മെഡിക്കല്‍ കോളജില്‍ ബി.എച്ച്.എം.എസ് ഹൗസ് സര്‍ജി പഠനം പുനരാരംഭിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കി നല്‍കണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു. പഠനക്കാലയളവില്‍ ഹാദിയയുടെ രക്ഷാകര്‍ത്താവായി കോളജ് ഡീനിനെ നിയോഗിച്ചിട്ടുണ്ട്.

താമസത്തിന് കോളജിലെ ഹോസ്റ്റല്‍ സൗകര്യം നല്‍കണം, പഠനക്കാലയളവിലെ സുരക്ഷാ ചുമതല കേരള-തമിഴ്‌നാട് പൊലീസ് വഹിക്കണം, കേരളാ സര്‍ക്കാര്‍ ഹാദിയയെ കോളജില്‍ എത്തിക്കണം എന്നീ നിര്‍ദേശങ്ങളാണ് കോടതി പുറപ്പെടുവിച്ചിട്ടുള്ളത്. ഹാദിയയെ ഭര്‍ത്താവ് ഷഫിന്‍ ജഹാന് ഒപ്പമോ, അച്ഛന്‍ അശോകന് ഒപ്പമോ വിടുന്ന കാര്യം കോടതി പരിഗണിച്ചില്ല. വിവാഹം റദ്ദാക്കിയ കോടതി വിധിയിലേക്കും കോടതി കടന്നില്ല.

ഷഫിന്‍ ജഹാന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍, അശോകന്റെ അഭിഭാഷകന്‍ ശ്യാം ദിവാന്‍ എന്നിവരുടെ വാദങ്ങള്‍ കേട്ട ശേഷം ഹാദിയയുടെ ഭാഗം കേള്‍ക്കാന്‍ എം.എം ഖാന്‍ വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഢ് എന്നിവര്‍ കൂടിയ അടങ്ങിയ ബഞ്ച് 45 മിനിറ്റ് നേരമാണ് ചെലവഴിച്ചത്. നേരത്തെ, കേസ് അടച്ചിട്ട കോടതി മുറിയില്‍ വാദം കേള്‍ക്കണമെന്ന അശോകന്റെ ആവശ്യം കോടതി നിരാകരിച്ചിരുന്നു. കേസ് അടുത്ത വര്‍ഷം ജനുവരി മൂന്നാം വാരത്തില്‍ വീണ്ടും പരിഗണിക്കും

നിലപാട് ആവര്‍ത്തിച്ച് ഹാദിയ

ഡല്‍ഹിയിലേക്ക് പോകവെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍വെച്ച് മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ഹാദിയ സുപ്രീംകോടതിയിലും ആവര്‍ത്തിച്ചത്. മലയാളത്തില്‍ ഇവര്‍ നല്‍കിയ മൊഴി സുപ്രീംകോടതിയില്‍ കേരളത്തിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ വി.വി ഗിരി ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി. ‘എനിക്ക് സ്വാതന്ത്ര്യം വേണം. വിശ്വാസമനുസരിച്ച് ജീവിക്കണം.’ – അവര്‍ പറഞ്ഞു.

പഠനം തുടരാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചീഫ് ജസ്റ്റിസിന്റെ ചോദ്യത്തിന് ഉണ്ട് എന്ന് മറുപടി നല്‍കിയ ഹാദിയ, അത് സര്‍ക്കാര്‍ ചെലവില്‍ വേണ്ടെന്നും പറഞ്ഞു. തന്റെ ഭര്‍ത്താവിന്റെ ചെലവില്‍ പഠിക്കാമെന്നും അദ്ദേഹത്തെ രക്ഷിതാവാക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഷഫിന്‍ ജഹാനെ രക്ഷിതാക്കാന്‍ കോടതി അനുവദിച്ചില്ല.

‘കഴിഞ്ഞ 11 മാസമായി ഞാന്‍ വീട്ടു തടങ്കലില്‍ മാനസിക പീഡനം അനുഭവിക്കുകയാണ്. എനിക്ക് നല്ല പൗരയാകണം. നല്ല ഡോക്ടറാകണം. കോളജിലേക്ക് തിരിച്ചു പോയി പഠനം പൂര്‍ത്തിയാക്കണം- അവര്‍ കൂട്ടിച്ചേര്‍ത്തു.

ഹാദിയയ്ക്ക് അവരുടെ ജീവിതം നിര്‍ണയിക്കാന്‍ അവകാശമുണ്ടെന്ന് കപില്‍ സിബല്‍

കേസില്‍ ഹാദിയയുടെ നിലപാടാണ് ആദ്യം അറിയേണ്ടതെന്ന് ഷഫിന്‍ ജഹാന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍. ഒരു സ്ത്രീയക്ക് അവരുടെ ജീവിതം തീരുമാനിക്കാനുള്ള അവകാശമുണ്ട്. അത് തെറ്റാണെങ്കിലും അവരുടെ തീരുമാനമാണ്. വ്യക്തിസ്വാതന്ത്ര്യത്തിന് വര്‍ഗീയതയുടെ നിറം നല്‍കരുത്. ഹാദിയയെ കേള്‍ക്കുന്നതിന് പകരം ഇപ്പോള്‍ വാര്‍ത്താ ചാനലുകളിലെ വിഷയങ്ങളാണ് നാം ചര്‍ച്ച ചെയ്യുന്നത്. എന്‍.ഐ.എ അന്വേഷണം കോടതിയലക്ഷ്യമാണ്. അത് കോടതിയുടെ അനുമതിയോടെയുള്ളതല്ല – അദ്ദേഹം പറഞ്ഞു.

ഒറ്റപ്പെട്ട സംഭവമല്ലെന്ന് എന്‍.ഐ.എ

ഹാദിയയുടെ മതം മാറ്റം ഒറ്റപ്പെട്ട സംഭവമല്ലെന്ന് എന്‍.ഐ.എ നിലപാടെടുത്തു. മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് സമാനമായ 11 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ ഏഴ് കേസുകള്‍ സത്യസരണിയുമായി ബന്ധപ്പെട്ടതാണ്. മതപരിവര്‍ത്തനത്തിന്റെ കേന്ദ്രമായാണ് ആ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. മതപരിവര്‍ത്തനത്തിനായി വലിയ ശൃംഖല തന്നെയുണ്ട്. ഈ സംഘടനയുടെ സ്വാധീനത്തില്‍ കുടുങ്ങിയാണ് ഹാദിയയുടെ ഇപ്പോഴത്തെ നിലപാട്. ഷഫിന്‍ ജഹാന് തീവ്രവാദ സംഘടനായ ഐ.എസുമായി ബന്ധമുണ്ട്. ഐ.എസ് പ്രവര്‍ത്തകനുമായി ഇദ്ദേഹം സമൂഹ മാധ്യമത്തിലൂടെ ബന്ധപ്പെട്ടിട്ടുണ്ട്. ഇദ്ദേഹം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനുമാണ്- എന്‍.ഐ.എ അഭിഭാഷകന്‍ വാദിച്ചു. 100 പേജുള്ള റിപ്പോര്‍ട്ടാണ് എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ചത്.

വിവാഹം അസാധുവാക്കിയത് റദ്ദാക്കിയിട്ടില്ലെന്ന് ദവെ

ഇരുവരും തമ്മിലുള്ള വിവാഹം അസാധുവാക്കിയ കേരള ഹൈക്കോടതി വിധി റദ്ദാക്കിയിട്ടില്ലെന്ന് അശോകന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ. ‘ഹൈക്കോടതി വിധി സ്‌റ്റേ ചെയ്തിട്ടില്ല. അതു കൊണ്ടു തന്നെ ഇപ്പോള്‍ ഇരുവരും തമ്മിലുള്ള വിവാഹബന്ധമില്ല. അവര്‍ക്ക് അവരുടെ പഠനം തുടരാം. അതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സന്തോഷമെന്ന് ഷഫിന്‍ ജഹാന്‍

ഹാദിയയെ പഠിക്കാന്‍ വിട്ട കോടതി തീരുമാനത്തില്‍ സന്തോഷമെന്ന് ഭര്‍ത്താവ് ഷഫിന്‍ ജഹാന്‍. ഹാദിയയെ വീട്ടില്‍ നിന്ന് സ്വതന്ത്രയാക്കിയത് വിജയമാണെന്നും കോളജ് ഹോസ്റ്റലില്‍ പോയി ഹാദിയയെ കാണുന്ന കാര്യത്തില്‍ നിയമോപദേശം തേടുമെന്നും അദ്ദേഹം പറഞ്ഞു.

ബുള്ളറ്റ്പ്രൂഫ കാറില്‍ ഹാദിയ

കേരള ഹൗസില്‍ കനത്ത സുരക്ഷയില്‍ കഴിഞ്ഞ ഹാദിയയെ ഡല്‍ഹി പൊലീസിന്റെ ബുള്ളറ്റ് പ്രൂഫ് കാറിലാണ് സുപ്രീംകോടതിയിലെത്തിച്ചത്. ഹാദിയ ചൊവ്വാഴ്ച്ച നാട്ടിലേക്ക് തിരിക്കും.

സ്റ്റോക്‌ഹോം സിന്‍ഡ്രോം പരാമര്‍ശിച്ച് കോടതി

വാദപ്രതിവാദങ്ങള്‍ക്കിടെ, ബന്ദികള്‍ക്ക് റാഞ്ചികളോട് ഇഷ്ടം തോന്നുന്ന മാനസിക നിലയായ സ്‌റ്റോക്‌ഹോം സിന്‍ഡ്രോം പരാമര്‍ശിച്ച് സുപ്രീംകോടതി ജഡ്ജ് ഡി.വൈ ചന്ദ്രചൂഢ്. ഇത്തരം സാഹചര്യങ്ങളിലെ തീരുമാനങ്ങള്‍ സ്വന്തമെന്ന് പറയാനാകാലില്ലെന്ന് പറഞ്ഞ കോടതി ഇതിനെ ഹാദിയ കേസുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും വ്യക്തമാക്കി.

chandrika: