യു.പിയിലെ മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദിലെ സര്‍വേയുടെ സ്റ്റേ സുപ്രിംകോടതി നീട്ടി. സർവേ നടത്താൻ കമ്മീഷണറെ നിയമിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് ജനുവരി 16നാണ് സുപ്രിം കോടതി സ്റ്റേ ചെയ്തത്. കേസ് ഏപ്രിലിൽ പരിഗണിക്കും.
ഷാഹി ഈദ്ഗാഹ് മസ്ജിദിൽ സർവേ നടത്താൻ നേരത്തെ അലഹബാദ് കോടതി മൂന്നംഗ അഭിഭാഷക കമ്മിഷനെ നിയമിച്ചിരുന്നു. പള്ളിയിൽ ഹിന്ദു ക്ഷേത്രത്തിന്റെ നിരവധി ചിഹ്നങ്ങളും അടയാളങ്ങളുമുണ്ടെന്നും ഇതിന്റെ യഥാർത്ഥ സ്ഥാനം അറിയാൻ അഭിഭാഷക കമ്മിഷനെ നിയമിക്കണമെന്നുമായിരുന്നു ഒരു വിഭാഗം ഹരജിയിൽ ആവശ്യപ്പെട്ടത്. ആവശ്യം അംഗീകരിച്ചാണ് ഗ്യാൻവാപിക്കു സമാനമായി ഈദ്ഗാഹ് മസ്ജിദിലും സർവേ നടത്താൻ അലഹബാദ് ഹൈക്കോടതി അനുമതി നൽകിയത്.
ഈ ഉത്തരവിനെതിരെ മസ്ജിദ് കമ്മറ്റി സുപ്രിം കോടതിയെ സമീപിക്കുകയും ജനുവരി 16ന് സുപ്രിം കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയു ചെയ്തിരുന്നു. ഈ ഉത്തരവാണ് നിലവിൽ നീട്ടിയിരിക്കുന്നത്.