X

രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവനയുടെ വിശദാംശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് ബോണ്ട് വഴി കിട്ടുന്ന സംഭാവനയെ കുറിച്ചുളള വിവരം മെയ് 30നകം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്ന് സുപ്രിംകോടതി. മെയ് 15 വരെ കിട്ടുന്ന സംഭാവനയുടെ വിവരങ്ങളാണ് നല്‍കേണ്ടത്. അസോസിയേഷന്‍ ഓഫ് ഇലക്ടറല്‍ റിഫോംസും സിപിഎമ്മും നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ണായക ഉത്തരവ്.

വിവരങ്ങള്‍ സീല്‍ ചെയ്ത കവറില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സൂക്ഷിക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വിധിച്ചു. കേസ് വിശദമായി പിന്നീട് പരിഗണിക്കും. സിപിഎം ഉള്‍പ്പടെയുള്ള പാര്‍ട്ടികളാണ് ഹര്‍ജി സമര്‍പ്പിച്ചത്. വാദം കേള്‍ക്കുന്നതിനിടെ സുതാര്യതയല്ല അടിസ്ഥാനമാക്കേണ്ടതെന്ന് അറ്റോണി ജനറല്‍ കെ.കെ.വേണുഗോപാല്‍ കോടതിയെ അറിയിച്ചിരുന്നു.

മോദി സര്‍ക്കാരിന് കോര്‍പറേറ്റ് ഫണ്ടുകള്‍ ലഭിക്കുന്നതിനുള്ള മാര്‍ഗമാണ് തിരഞ്ഞെടുപ്പ് ബോണ്ട് എന്നാണ് പരാതി. ബോണ്ട് കൈപ്പറ്റുന്നതിനുള്ള വ്യവസ്ഥകള്‍ ദുരൂഹമാണെന്നും ഹര്‍ജിക്കാര്‍ പറയുന്നു. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ നിലവിലെ രീതി തുടരാന്‍ അനുവദിക്കണമെന്ന് അന്തിമ വാദത്തില്‍ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ബോണ്ടുകളെ പൂര്‍ണ്ണമായും എതിര്‍ത്തുകൊണ്ടുള്ള നിലപാട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്നീട് തിരുത്തിയിരുന്നു.

chandrika: