ന്യൂഡല്‍ഹി: സൊഹ്‌റബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച സി.ബി.ഐ പ്രത്യേക ജഡ്ജി ബി.എച്ച് ലോയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം. മഹാരാഷ്ട്രാ സര്‍ക്കാരിനോടാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബി.എച്ച് ലോയയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് സുപ്രിംകോടതി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തേടിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഗൗരവതരമാണെന്നും കോടതി പറഞ്ഞു. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. മഹാരാഷ്ട്രയിലെ മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍ ലോണ്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദ്ദേശം.
ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം സംബന്ധിച്ച ഹര്‍ജി ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് കേസ് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര രാവിലെ വ്യക്തമാക്കിയിരുന്നു. ജൂനിയറായ അരുണ്‍ മിശ്രയുടെ ബെഞ്ചില്‍ കേസ് കൈമാറിയതില്‍ പ്രതിഷേധിച്ച് സീനിയര്‍ ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെ കണ്ടിരുന്നു. ഏറെ നിര്‍ണായകമായ കേസ് സുപ്രീംകോടതിയിലെ സീനിയര്‍ ജഡ്ജിമാരുടെ ബെഞ്ചിലേക്ക് മാറ്റണമെന്ന് ഇവര്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഈ ആവശ്യം ചീഫ് ജസ്റ്റിസ് നിരാകരിച്ചതിന് പിന്നാലെ ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം വിളിച്ച് ചീഫ് ജസ്റ്റിസിനെതിരെ ആരോപണം ഉന്നയിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കേസ് തന്റെ ബെഞ്ചിലേക്ക് വിളിച്ചുവരുത്തുകയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അടക്കം നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോടും പൊലീസിനോടും ആവശ്യപ്പെടുകയായിരുന്നു.