ന്യൂഡല്‍ഹി: അനാഥ- അഗതി മന്ദിരങ്ങള്‍ക്ക് ഇരട്ട രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസില്‍ കേരള സര്‍ക്കാറിന് സുപ്രീംകോടതിയുടെ വിമര്‍ശനം. ഇതുവരെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കത് എന്തുകൊണ്ടാണെന്ന് കോടതി സര്‍ക്കാറിനോട് ചോദിച്ചു. ഇനിയും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനുള്ള അനാഥ- അഗതി മന്ദിരങ്ങളില്‍ കുട്ടികള്‍ക്ക് നേരെ അതിക്രമം നടന്നാല്‍ സര്‍ക്കാറിനായിരിക്കും ഉത്തരവാദിത്തമെന്നും ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ അധ്യക്ഷനായ ബെഞ്ച് താക്കീത് ചെയ്തു.
ഡിസംബര്‍ 31ന് മുമ്പായി ബാലനീതി വകുപ്പിനു കീഴില്‍ അനാഥ- അഗതി മന്ദിരങ്ങളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ രജിസ്‌ട്രേഷന്‍ ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ ഇന്നലെ കേസ് പരിഗണിക്കവെ, സര്‍ക്കാര്‍ ആറു മാസത്തെ സാവകാശം ആവശ്യപ്പെടുകയായിരുന്നു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്തം കാണിക്കുന്നില്ല. എന്തുകൊണ്ടാണ് രജിസ്‌ട്രേഷന്‍ നീട്ടിക്കൊണ്ടുപോയത്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്ത സ്ഥാപനങ്ങളിലെ കുട്ടികളുടെ ഉത്തരവാദിത്തം സര്‍കകാര്‍ ഏറ്റെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സമര്‍പ്പിച്ച ഹര്‍ജിയില്‍ അടുത്ത വെള്ളിയാഴ്ചക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാനും സുപ്രീംകോടതി സംസ്ഥാന സര്‍ക്കാറനോട് ആവശ്യപ്പെട്ടു.