X
    Categories: MoreViews

ജസ്റ്റിസ് ലോയ കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും

ന്യുഡല്‍ഹി: സുപ്രീംകോടതി പ്രതിസന്ധിക്ക് മുഖ്യകാരണമായ ജഡ്ജി ലോയക്കേസ്, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അരുണ്‍ മിശ്ര പിന്മാറിയ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് തന്നെ വാദം കേള്‍ക്കുന്നത്. സൊഹ്‌റാബുദ്ദിന്‍ ഷെയ്ഖ് വ്യാജഏറ്റുമുട്ടല്‍ക്കേസില്‍ വാദം കേട്ട ബി.എച്ച്.ലോയ ദുരൂഹസാഹചര്യത്തില്‍ മരിച്ചത് അന്വേഷിക്കണമെന്നാണ് ആവശ്യം. ഹരജിക്കാര്‍ക്ക് കേസിന്റെ എല്ലാ രേഖകളും കൈമാറാന്‍ ഒരാഴ്ച മുന്‍പ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബഞ്ച് ഉത്തരവിട്ടിരുന്നു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഢ്, എ.എം.ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചില്‍ നാല്‍പത്തിയഞ്ചാമത്തെ ഇനമായാണ് ലോയക്കേസ് പരിഗണിക്കുന്നത്. മുതിര്‍ന്ന ജഡ്ജിയുടെ ബെഞ്ചിലേക്ക് കേസ് മാറ്റണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് നിരസിച്ചതിന് പിന്നാലെ നാല് ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തിയത് രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു. ഈ കേസ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചില്‍ നിന്ന് മാറ്റി മുതിര്‍ന്ന ജഡ്ജിമാര്‍ക്ക് നല്‍കണം എന്നാണ് പ്രതിഷേധിച്ച ജഡ്ജിമാര്‍ പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്.

പ്രശ്‌നപരിഹാരശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് തന്നെ ഹര്‍ജി പരിഗണിക്കുന്നത്. പൊതുപ്രവര്‍ത്തകനായ തെഹ്‌സീന്‍ പൂനാവാല, മാധ്യമപ്രവര്‍ത്തകന്‍ ബി.എസ്.ലോണി എന്നിവരുടെ ഹര്‍ജികളിലാണ് വാദം കേള്‍ക്കുന്നത്. ലോയയുടെ മരണം ഉന്നതതലസംഘം അന്വേഷിക്കണമെന്നും സത്യം പുറത്തുകൊണ്ടുവരണമെന്നുമാണ് ഹര്‍ജികളിലെ ആവശ്യം. മുംബൈ സിബി.ഐ കോടതി ജഡ്ജിയായിരുന്ന ബി.എച്ച്.ലോയ, സൊഹ്‌റാബുദ്ദിന്‍ ഷെയ്ഖ് വ്യാജഏറ്റുമുട്ടല്‍ക്കേസില്‍ വാദം കേള്‍ക്കവെ നാഗ്പൂരില്‍ ദുരൂഹസാഹചര്യത്തില്‍ മരിക്കുകയായിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടക്കം ഉന്നതരാണ് വ്യാജഏറ്റുമുട്ടല്‍ക്കേസിലെ പ്രതികള്‍. ലോയക്ക് നൂറുകോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. സുപ്രീംകോടതി പ്രതിസന്ധിയിലേക്ക് വരെ കാര്യങ്ങള്‍ എത്തിയതിന് പിന്നാലെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ലോയയുടെ മകന്‍ വാര്‍ത്താസമ്മേളനം വിളിച്ച് വിശദീകരിക്കാന്‍ ശ്രമിച്ചതും വിവാദമായിരുന്നു.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കേസ് രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇത് ഹരജിക്കാര്‍ക്ക് കൈമാറാന്‍ സുപ്രിംകോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്ര ചൂഡ്, എ എം ഖാന്‍ വില്‍ക്കര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

chandrika: