X

കെ.എം.ജോസഫിന്റെ പേര് വീണ്ടും അയക്കാന്‍ കൊളീജിയം തീരുമാനം: കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദത്തില്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ തഴഞ്ഞ ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാനുള്ള ശിപാര്‍ശ വീണ്ടും സമര്‍പ്പിക്കാന്‍ കൊളീജിയം തീരുമാനിച്ചു. കെ.എം ജോസഫിന്റെ പേരിനൊപ്പം മറ്റ് ജഡ്ജിമാരുടെ പേരുകള്‍ കൂടി നല്‍കണോ എന്ന കാര്യത്തില്‍ ബുധനാഴ്ച വീണ്ടും ചേരുന്ന യോഗത്തില്‍ കൊളീജിയം തീരുമാനിക്കും. അതേസമയം ജോസഫിന്റെ ശിപാര്‍ശ വീണ്ടും പരിഗണിക്കേണ്ടി വന്നാല്‍ കേന്ദ്രസര്‍ക്കാര്‍ എന്തു നിലപാട് സ്വീകരിക്കുമെന്നത് കണ്ടറിയണം. വീണ്ടും അദ്ദേഹത്തിന്റെ പേര് തിരിച്ച് അയക്കുകയാണെങ്കില്‍ അത് കൊളീജിയവും കേന്ദ്രസര്‍ക്കാറും തമ്മില്‍ തുറന്ന പോരിന് വഴിയൊരുക്കിയേക്കുമെന്ന് വിലയിരുത്തലുണ്ട്.

ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കാനുള്ള കൊളീജിയം ശിപാര്‍ശ കഴിഞ്ഞ മാസം കേന്ദ്രം മടക്കിയിരുന്നു. ശിപാര്‍ശ മടക്കാന്‍ കേന്ദ്രത്തിന് അധികാരമുണ്ടെന്ന നിലപാടാണ് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ ജസ്റ്റീസ് ജോസഫിന്റെ പേര് വീണ്ടും കേന്ദ്രത്തിന് അയക്കണമെന്ന് കൊളീജിയം അംഗമായ ജസ്റ്റീസ് ജെ.ചെലമേശ്വര്‍ ഉറച്ച നിലപാട് സ്വീകരിച്ചിരുന്നു. ഇതിനിടെയാണ് കൊളീജിയം യോഗം ചേര്‍ന്നിരുന്നതും ജോസഫിന്റെ പേര് വീണ്ടും അയക്കാന്‍ തീരുമാനമായതും.

തെലങ്കാന, രാജസ്ഥാന്‍, കൊല്‍ക്കത്ത ഹൈക്കോടതിയിലെ ജഡ്ജിമാരേക്കൂടി സുപ്രീംകോടതി ജഡ്ജിമാരായി ഉയര്‍ത്തുന്ന വിഷയവും കൊളീജിയം ഇന്നു ചര്‍ച്ച ചെയ്തു. അതേസമയം ഈ ജഡ്ജിമാരുടെ പേരിനൊപ്പം കെ.എം ജോസഫിന്റെ പേര് ചേര്‍ക്കണോ അതോ പ്രത്യേകമായി മറ്റൊരു ശുപാര്‍ശയായി കെ.എം. ജോസഫിന്റെ പേര് നല്‍കണോ എന്ന കാര്യത്തില്‍ ഇന്നു ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുക്കാനായില്ല.

chandrika: