X
    Categories: CultureNewsViews

നാഗേശ്വര്‍ റാവുവിനെതിരായ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് പിന്‍മാറി


ന്യൂഡല്‍ഹി: സി.ബി.ഐ താല്‍ക്കാലിക ഡയരക്ടറായ എം. നാഗേശ്വര്‍ റാവുവിനെ വീണ്ടും നിയമിച്ചതിനെതിരായ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പിന്‍മാറി. നിയമനത്തിനുള്ള ഉന്നതാധികാര സമിതിയില്‍ അംഗമായതിനാലാണ് പിന്‍മാറ്റം.

സന്നദ്ധസംഘടനയായ കോമണ്‍കോസാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയാണ് കേന്ദ്രസര്‍ക്കാര്‍ റാവുവിനെ നിയമിച്ചതെന്നാണ് ഹര്‍ജിക്കാരുടെ ആരോപണം. നാഗേശ്വര്‍ റാവുവിന്റെ നിയമനം ചോദ്യം ചെയ്യുന്നതിന് പുറമെ സി.ബി.ഐ ഡയരക്ടറെ കണ്ടെത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ സുതാര്യമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഹര്‍ജി ജനുവരി 24ന് മറ്റൊരു ബെഞ്ച് പരിഗണിക്കും.

കഴിഞ്ഞ ജനുവരി 10നാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതി അലോക് വര്‍മയെ മാറ്റി നാഗേശ്വര്‍ റാവുവിന് താല്‍ക്കാലിക ചുമതല നല്‍കിയത്. പ്രതിപക്ഷ പ്രതിനിധിയായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ എതിര്‍പ്പ് മറികടന്നായിരുന്നു പ്രധാനമന്ത്രിയുടെ തീരുമാനം. സമിതിയിലെ മറ്റൊരും അംഗമായ ജസ്റ്റിസ് എ.കെ സിക്രി പ്രധാനമന്ത്രിയെ പിന്തുണച്ചു. സി.ബി.ഐ ഡയരക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടര്‍ന്ന് അലോക് വര്‍മ്മ സിവില്‍ സര്‍വീസില്‍ നിന്ന് രാജിവെച്ചിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: