ന്യൂഡല്‍ഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം റദ്ദാക്കിയ കോടതി വിധിയെ മറികടക്കാന്‍ സംസ്ഥാനം കൊണ്ടുവന്ന ഓര്‍ഡിനന്‍സ് സുപ്രീം കോടതി റദ്ദാക്കി. ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. കോടതിയുടെ അധികാരത്തില്‍ ഇടപെടാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.
ക്രമവിരുദ്ധമായി വിദ്യാര്‍ഥി പ്രവേശനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം കോടതി കഴിഞ്ഞ വര്‍ഷം തടഞ്ഞത്. 2016-17 വര്‍ഷം കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ 150 വിദ്യാര്‍ഥികളും കരുണ മെഡിക്കല്‍ കോളേജില്‍ 30 വിദ്യാര്‍ഥികളും ചട്ടവിരുദ്ധമായാണ് പ്രവേശനം നേടിയതെന്ന് പ്രവേശന മേല്‍നോട്ട സമിതി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കോടതി നടപടി.
എന്നാല്‍ കോടതി ഉത്തരവിനെ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരികയായിരുന്നു. ഇതേത്തുടര്‍ന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. വാദം കേട്ടപ്പോഴും ഓര്‍ഡിനന്‍സിനെ കോടതി ശക്തമായി വിമര്‍ശിച്ചിരുന്നു. വിദ്യാര്‍ഥികളുടെ പേരില്‍ നിയമലംഘനത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുതെന്നും ഓര്‍ഡിനന്‍സ് റദ്ദ് ചെയ്യുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.