X

സുപ്രിംകോടതിയിലെ പൊട്ടിത്തെറി; അമിത് ഷാ പ്രതിയായ കേസിലെ ജഡ്ജ് ലോയ കൊല്ലപ്പെട്ട സംഭവത്തെ ചൊല്ലി

ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ ചീഫ് ജസ്റ്റിസിന്റെ നിലപാടാണ് ജസ്റ്റിസ് ചെലമേശ്വര്‍ അടക്കം നാലു ജഡ്ജിമാര്‍ പരസ്യമായി രംഗത്തിറങ്ങാന്‍ കാരണം. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹാറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന സി.ബി.ഐ ജഡ്ജി ഹര്‍കിഷന്‍ ലോയ 2014 ഡിസംബര്‍ ഒന്നിന് പുലര്‍ച്ചെ നാഗ്പൂരില്‍ വച്ചാണ് ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്.

ഇപ്പോള്‍ ഈ കേസ് സുപ്രിം കോടതിയുടെ പരിഗണനയിലാണ്. ജസ്റ്റിസ് ലോയ കേസ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അസൈന്‍ ചെയ്ത രീതി ശരിയായില്ലെന്ന്ാണ് ജഡ്ജിമാര്‍ ചൂണ്ടികാണിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി ചീഫ് ജസ്റ്റിസിന് മുമ്പ് കത്ത് നല്‍കിയിരുന്നു. ഇന്ന് രാവിലെയും ചീഫ് ജസ്റ്റിസിനെ കണ്ട് കാര്യങ്ങള്‍ വ്യക്തമാക്കാന്‍ തങ്ങള്‍ ശ്രമിച്ചതാണെന്നും ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ജസ്റ്റിസ് ജെ ചെല്ലമേശ്വറിന്റെ നേതൃത്വത്തിലാണ് ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. ജസ്റ്റിസുമാരായ രഞ്ജന്‍ ഗഗോയ്, മദന്‍ ലോക്കര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് ജസ്റ്റിസ് ചെലമേശ്വറിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്. നാല് പേരും സുപ്രീംകോടതി കൊളീജിയം അംഗങ്ങളാണ്.

അമിത് ഷായ്ക്ക് എതിരായ കേസ് പരിഗണിച്ച ജഡ്ജിയാണ് ജസ്റ്റിസ് ലോയ. സുപ്രീംകോടതിയിലെ ഏറ്റവും ജൂനിയറായ ജഡ്ജിയുടെ ബഞ്ചിലാണ് ജസ്റ്റിസ് ലോയുടെ കേസ് പരിഗണനക്ക് വന്നതെന്നും ഇത് സീനിയര്‍ ജഡ്ജിയുടെ ബഞ്ചിലേക്ക് മാറ്റണമെന്ന് നിരവധി തവണ അഭ്യര്‍ഥിച്ചതാണെന്നും ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി. കേസ് കൈകാര്യം ചെയ്ത രീതിയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. രാജ്യത്തോടുള്ള ഉത്തരവാദിത്തമാണ് തങ്ങള്‍ നിറവേറ്റുന്നത്. നിഷ്പക്ഷമായ ജുഡീഷ്യറിയില്ലാതെ ജനാധിപത്യത്തിന് നിലനില്‍പ്പില്ല. സുപ്രീംകോടതി ഭരണത്തില്‍ പ്രശ്‌നങ്ങളുണ്ട്. ചില കാര്യങ്ങള്‍ കൃത്യമായ രീതിയിലല്ല നടക്കുന്നത്. ഇക്കാര്യങ്ങള്‍ ചീഫ് ജസ്റ്റിസിനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അത് വിഫലമായ സാഹചര്യത്തിലാണ് വാര്‍ത്താസമ്മേളനം വിളിക്കാന്‍ നിര്‍ബന്ധിതരായതെന്നും ജഡ്ജിമാര്‍ വ്യക്തമാക്കി.
ബിജെപി നേതാവ് അമിത്ഷാ പ്രതിയായ സൊഹറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട ജഡ്ജിയുടെ ദുരൂഹമരണത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുംബൈ ഹൈക്കോടതി മുന്‍ ജഡ്ജി മുമ്പ് ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നു.

മുന്‍ ജഡ്ജി മര്‍ലപ്പല്ലെയാണ് മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മജ്ഞുള ചെല്ലൂറിന് കത്തയച്ചത്. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും ജഡ്ജിയെ അനുകൂല വിധിക്കായി സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും, അദ്ദേഹത്തിന്റെ കുടുംബം വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത്. കൂടാതെ ജഡ്ജിയുട മരണത്തില്‍ ദുരൂഹത നീക്കണമെന്ന് ഡല്‍ഹി മുന്‍ ജഡ്ജി എ.പി ഷായും പ്രതികരിച്ചിരുന്നു.മരണത്തിലും പോസ്റ്റ്മാര്‍ട്ടം നടത്തിയതിലും അസ്വാഭാവികതയുണ്ടെന്ന് ലോയയുടെ കുടുംബവും വെളിപ്പെടുത്തിയിരുന്നു.കേസില്‍ അനുകൂല വിധി നേടുന്നതിനായി 100 കോടി രൂപ ജഡ്ജിക്ക് വാഗ്ദാനം ചെയ്തിരുന്നുവെന്നും കുടുംബം പറയുന്നു.

2014 ഡിസംബര്‍ ഒന്നിനാണ് ബി. എച്ച് ലോയ മരണപ്പെടുന്നത്. നാഗ്പൂരില്‍ ഒരു വിവാഹത്തില്‍ പങ്കെടുത്ത ശേഷമുള്ള യാത്രയില്‍ രവിഭവന്‍ എന്ന ഗസ്റ്റ്ഹൗസില്‍ വച്ച് ലോയയ്ക്ക് ഹൃദയാഘാതമുണ്ടാവുകയും പിന്നീട് മരിക്കുകയുമായിരുന്നു. ലോയയ്ക്ക് ഒപ്പമുണ്ടായിരുന്നവരാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. എന്നാല്‍, പിന്നീട് ലോയയുടെ മരണത്തില്‍ ദുരൂഹതയുള്ളതായുള്ള റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങള്‍ പുറത്തു വിടുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കളും ആരോപിച്ചിരുന്നു. 2005ല്‍ ആണ് സോഹ്‌റാബുദ്ദീന്‍ ഷെയ്ഖ്, ഭാര്യ കൗസുര്‍ ബി, സഹപ്രവര്‍ത്തകന്‍ തുളസീദാസ് പ്രജാപതി എന്നിവര്‍ ഗുജറാത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഈ കേസ് പിന്നീട് സിബിഐയ്ക്ക് കൈമാറി. കേസിന്റെ വിചാരണ മുംബൈയിലേക്ക് മാറ്റിയതോടെയാണ് ബി. എച്ച് ലോയയുടെ മുന്‍പിലെത്തിയത്. ജഡ്ജിയുടെ മരണത്തിലെ ദുരൂഹത ഒഴിവാക്കണമെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ബോംബെ ഹൈക്കോടതിയില്‍ ലോയേഴ്‌സ് അസോസിയേഷനും പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.

മഹാരാഷ്ട്ര പത്രപ്രവര്‍ത്തകന്‍ ബി. ആര്‍ ലോണി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് അടിയന്തിരമായി വാദം കേള്‍ക്കുന്നത്. ലോയയുടെ മരണത്തിലെ ദുരൂഹത കണ്ടെത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കഴിഞ്ഞ ദിവസമാണ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസ് ചന്ദ്രചൂഡ് എന്നിവര്‍ അടങ്ങിയ ബഞ്ച് അടിന്തര വാദം കേള്‍ക്കാനുള്ള ഹര്‍ജിയില്‍ അനുവാദം നല്‍കുകയായിരുന്നു. സൊഹ്‌റാബുദ്ദീന്‍ ഏറ്റുമുട്ടല്‍ കേസില്‍ ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ, കൂടാതെ ഒട്ടേറെ പൊലീസ് ഉദ്യോഗസ്ഥരും പ്രതികളാണ്. ഈ കേസില്‍ വാദം കേട്ട ശേഷമാണ് ബി. എച്ച് ലോയ മരണപ്പട്ടത്.

chandrika: