X
    Categories: Culture

നാലാഴ്ചക്കകം 453 കോടി നല്‍കിയില്ലെങ്കില്‍ അനില്‍ അംബാനിക്ക് ജയില്‍ ശിക്ഷ: സുപ്രീം കോടതി

ന്യൂഡല്‍ഹി: റിലയന്‍സ് കമ്യൂണിക്കേഷന്‍ ചെയര്‍മാന്‍ അനില്‍ അംബാനി കോടതിയലക്ഷ്യത്തില്‍ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി. പ്രമുഖ ടെലികോം കമ്പനി എറിക്‌സണ്‍ ഇന്ത്യക്ക് നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി വിധി അനില്‍ അംബാനി ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. സ്വീഡിഷ് കമ്പനി നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ആര്‍.എഫ് നരിമാനും വിനീത് ശരണുമടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്. നാലാഴ്ചക്കകം എറിക്‌സണ് 453 കോടി രൂപ നല്‍കാത്ത പക്ഷം അംബാനി മൂന്നു മാസം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. അനില്‍ അംബാനിയുടെ മറ്റു സംരംഭങ്ങളായ റിലയന്‍സ് ടെലികോം, റിലയന്‍സ് ഇന്‍ഫ്രാടെല്‍ സ്ഥാപനങ്ങളും കോടതിയലക്ഷ്യ കുറ്റം ചെയ്‌തെന്ന് കോടതി വ്യക്തമാക്കി. ഇവര്‍ക്ക് ഒരു കോടി രൂപ പിഴ ചുമത്തി.

കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതിന് എറിക്‌സണ് 550 കോടി നല്‍കാന്‍ കോടതി അംബാനിയോട് ആവശ്യപ്പെട്ടിരുന്നു. 2018 ഡിസംബര്‍ 15നകം തുക അടക്കണമെന്നായിരുന്നു നിര്‍ദേശം. ഇത് ലംഘിച്ചതിനെ തുടര്‍ന്നാണ് എറിക്‌സണ്‍ ഹര്‍ജി നല്‍കിയത്.
റിലയന്‍സ് ഗ്രൂപ്പ് ബോധപൂര്‍വം കോടതിയെ ധിക്കരിക്കുകയാണെന്ന് എറിക്‌സണ്‍ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. മുമ്പ് രണ്ടുവട്ടം കോടതി സാവകാശം നല്‍കിയിട്ടും തുക നല്‍കാന്‍ റിലയന്‍സ് തയാറായില്ല. തങ്ങളുമായുള്ള ഇടപാട് തീര്‍പ്പാക്കാതെ റഫാല്‍ ഇടപാടിലടക്കം അംബാനി പണം നിക്ഷേപിക്കുകയാണ്.

റിലയന്‍സിന്റെ മാപ്പപേക്ഷയും ഇപ്പോള്‍ 118 കോടി രൂപ അടക്കാമെന്ന റിലയന്‍സിന്റെ വാഗ്ദാനവും കോടതി തള്ളിയിരുന്നു.

റിലയന്‍സിന്റെ ഭാഗത്തു നിന്ന് ഏതെങ്കിലും തരത്തിലുള്ള കോടതിയലക്ഷ്യം ഉണ്ടായിട്ടില്ലെന്ന് കമ്പനിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ മുകുള്‍ റോഹത്ഗി കോടതിയെ അറിയിച്ചു.
കോടതിയലക്ഷ്യ ഹര്‍ജിയില്‍ അനില്‍ അംബാനിയോടും മറ്റു റിലയന്‍സ് ഗ്രൂപ്പ് ഡയറക്ടര്‍മാരായ സതീഷ് സേഥ്, ഛായ വിരാനി എന്നിവരോടും നേരില്‍ ഹാജരാവാന്‍ ജനുവരി ഏഴിന് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ അംബാനി നേരിട്ട് ഹാജരാവേണ്ടതില്ല എന്നാണ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കോടതി രേഖകളില്‍ ഉണ്ടായിരുന്നത്. കോടതിവിധി തിരുത്തിയ സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മാനവ് ശര്‍മ, തപന്‍കുമാര്‍ ചക്രബര്‍ത്തി എന്നിവരെ പിരിച്ചു വിട്ടിരുന്നു.

web desk 1: