ന്യൂഡല്‍ഹി: റഫാല്‍ ഇടപാട് അന്വേഷിക്കണമെന്ന ആവശ്യം തള്ളിയതിനെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കും. കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധനാ ഹര്‍ജികള്‍ സമര്‍പ്പിച്ചത്.
മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവരാണ് പുനഃപരിശോധനാ ഹര്‍ജികള്‍ നല്‍കിയത്. മുദ്രവെച്ച കവറില്‍ കേന്ദ്രസര്‍ക്കാര്‍ കോടതിക്ക് കൈമാറിയ വിവരങ്ങള്‍ ഭൂരിഭാഗവും വ്യാജമാണെന്നാണ് ഹര്‍ജിക്കാരുടെ ആരോപണം. ഇതുകൊണ്ടാണ് റഫാല്‍ ഇടപാട് സംബന്ധിച്ച് സി.എ.ജി റിപ്പോര്‍ട്ടുണ്ട് എന്നതടക്കമുള്ള ഗുരുതരമായ തെറ്റുകള്‍ ഡിസംബറിലെ വിധിയില്‍ കടന്നുകൂടിയതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.