ന്യൂഡല്‍ഹി: ഹാത്രസ് ബലാത്സംഗ കൊലപാതക കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ കാണാന്‍ അഭിഭാഷകന് അനുമതി. വക്കാലത്ത് ഒപ്പിടാന്‍ അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സൊളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു. സോളിസിറ്റര്‍ ജനറലിന്റെ ഉറപ്പ് കോടതി രേഖപ്പെടുത്തി. കേസ് വിശദമായി പരിശോധിക്കാമെന്നും ചീഫ് ജസ്റ്റിസ് ഉറപ്പ് നല്‍കി.
അതേസമയം സിദ്ദീക്ക് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് സെക്രട്ടറിയെന്നാണ് യുപി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. മാധ്യമ പ്രവര്‍ത്തകനെന്ന വ്യാജേനെ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കാനാണ് ഹാത്രസിലെത്തിയെന്നും സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. കാപ്പനില്‍ നിന്ന് പല രേഖകളും പിടിച്ചെടുത്തിട്ടുണ്ടെന്നും യുപി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിന് മറുപടി നല്‍കാന്‍ പത്രപ്രവര്‍ത്തക യൂണിയന് സുപ്രീംകോടതി ഒരാഴ്ച സമയം നല്‍കി. ഒരാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.
ഹാത്രസിലെ ബലാത്സംഗ കൊലപാതക കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റിലായ സിദ്ദീഖ് കാപ്പന് ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയനാണ് സുപ്രീംകോടതിയെ സമീപിച്ചത്. 46 ദിവസമായി മഥുര ജയിലില്‍ കഴിയുകയാണ് സിദ്ദിഖ് കാപ്പന്‍. കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിനാണ് ഹാത്രറസിലേക്ക് മറ്റ് മൂന്ന് പേരുമായി യാത്രചെയ്യുന്നതിനിടെ സിദ്ദിഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍ യുപി സര്‍ക്കാരിനോടും പൊലീസിനോടും മറുപടി നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.