ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ സുപ്രീംകോടതിക്കു മുന്നില്‍ ഹാജരായ കൊല്‍ക്കത്ത ഹൈക്കോടതി ചീഫ്ജസ്റ്റിസ് സി.എസ് കര്‍ണന് കോടതിയുടെ വിമര്‍ശനം. കര്‍ണന്‍ അനുസരണക്കേട് കാണിച്ചെന്ന് കോടതി പറഞ്ഞു. നോട്ടീസ് അയച്ചിട്ടും എന്തുകൊണ്ട് ഹാജരായില്ലന്നും കോടതി ചോദിച്ചു. എന്നാല്‍ സുപ്രീം കോടതി ജഡ്ജിമാരില്‍ അഴിമതിക്കാരുണ്ടെന്ന ആരോപണത്തില്‍ മാപ്പു പറയാന്‍ തയ്യാറല്ലന്ന് കര്‍ണന്‍ പറഞ്ഞു. മാപ്പു പറയില്ലന്നും ജയിലിലേക്ക് പോകാന്‍ തയ്യാറാണെന്നും കര്‍ണന്‍ സുപ്രീം കോടതിയെ അറിയിച്ചു.
മാപ്പു പറഞ്ഞില്ലങ്കില്‍ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകുമെന്ന് കോടതി വ്യക്തമാക്കിയപ്പോഴാണ് കര്‍ണന്റെ മറുപടി. ജഡ്ജിമാര്‍ക്കെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ ആവര്‍ത്തിച്ച കര്‍ണന്‍ ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. സുപ്രീംകോടതി ജഡ്ജിമാരെ പരസ്യമായി വിമര്‍ശിച്ചതിനാണ് ജസ്റ്റിസ് കര്‍ണനെതിരെ കേസെടുത്തത്.