ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ 500, 1000 നോട്ടുകള്‍ പിന്‍വലിച്ച തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. നോട്ടു പന്‍വലിക്കല്‍ വിഷയത്തില്‍ രാജ്യത്തെ പരമോന്നത നീതിപീഠം കേന്ദ്ര സര്‍ക്കാറിനെതിരെ ഇതു രണ്ടാതവണയാണ് കടുത്ത വിമര്‍ശനം ഉന്നയിക്കുന്നത്.
500, 1000 നോട്ടുകള്‍ നിരോധിച്ചതിനെതിരെ സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതി കേന്ദ്ര തീരൂമാനത്തെ രൂക്ഷമായി ചോദ്യം ചെയ്തത്. സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണ് ജനറലിന് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറില്‍ നിന്നും കടുത്ത ചോദ്യങ്ങളാണ് നേരിടേണ്ടി വന്നത്.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്നാണ് നിങ്ങള്‍ പറഞ്ഞത്. എന്നാല്‍ പഴയനോട്ടുകള്‍ മാറാനുള്ള പരിധി ഇപ്പോള്‍ 2000 ആക്കി കുറച്ചിരിക്കയാണ്. എന്താണ് പ്രശ്‌നം, അച്ചടിക്കുന്നതില്‍ ഉള്ള പ്രശ്‌നമാണോ ചീഫ് ജസ്റ്റിസ് ആരാഞ്ഞു. നിങ്ങള്‍ 500, 1000 നോട്ടുകള്‍ നിരോധിച്ചു. എന്നാല്‍ 100 രൂപാ നോട്ടുകള്‍ക്ക് എന്താണ് സംഭവിച്ചതെന്നും കോടതി ചോദിച്ചു.
രാജ്യത്തേത് ഗുരുതരമായ സ്ഥിതിവിശേഷമാണെന്നും ജനങ്ങള്‍ പരിഭ്രാന്തിയിലാണെന്ന കാര്യത്തില്‍ സംശയം ഇല്ലെന്നും ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ചു. പൊതുജനങ്ങളെ ഇങ്ങനെ പിഴിയുന്നത് എന്തിനെന്ന് ചോദിച്ച കോടതി സ്ഥിതിതുടര്‍ന്നാല്‍ തെരുവുകളില്‍ കലാപം കാണേണ്ടിവരുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേന്ദ്രത്തിന് താക്കീത് നല്‍കി.
ബാങ്കുകള്‍ വഴി നോട്ട് മാറിയെടുക്കാവുന്ന പരിധി 4000ത്തില്‍ നിന്നും 2000 ആക്കികുറച്ചതിനെതിനെയും കോടതി വിമര്‍ശിച്ചു. ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നതിനെയും സുപ്രീം കോടതി ചോദ്യം ചെയ്തു. ജനങ്ങളുടെ പരിഭ്രാന്തി മാറ്റാന്‍ അടിയന്തര നടപടികളെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
അച്ചടിക്കുക മാത്രമല്ല, ഇവയെല്ലാം ലക്ഷക്കണക്കിന് ബാങ്ക് ശാഖകളിലേക്ക് കൊണ്ടുപോവുകയും എടിഎമ്മുകള്‍ പുനക്രമീകരിക്കുകയും വേണമെന്നും കോടതി അറിയിച്ചു.
അതേസമയം കര്‍ഷകര്‍, കല്യാണ ആവശ്യങ്ങള്‍, ചെറുകിട വ്യാപാരികള്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ മറുപടി നല്‍കി.
എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ഹര്‍ജി പരിഗണിച്ചപ്പോള്‍ നോട്ട് അസാധുവാക്കിയ തീരുമാനം ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് കേന്ദ്രസര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് ജനങ്ങള്‍ നേരിട്ട് കൊണ്ടിരിക്കുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൈക്കൊണ്ട നടപടികള്‍ വിശദീകരിക്കണമെന്നും അന്ന് കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, നോട്ടുകള്‍ അസാധുവാക്കുന്നതിനെതിരെ വിവിധ ഹൈക്കോടതികളിലും മറ്റു കോടതികളിലുമുള്ള ഹര്‍ജികള്‍ സ്‌റ്റേ ചെയ്യണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചില്ല. വിവിധ കോടതികളില്‍ നിലനില്‍ക്കുന്ന കേസുകള്‍ ഒരു കോടതിയിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.