ന്യൂഡല്‍ഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സുപ്രീംകോടതി. നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചതിന് ഫഡ്‌നാവിസ് വിചാരണ നേരിടണമെന്നാണ് സുപ്രിംകോടതി ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റ്താണ് ഉത്തരവ്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കെ സുപ്രിംകോടതി വിധി ഫഡ്‌നാവിസിനും ബിജെപിക്കും ഏറ്റ കനത്ത തിരിച്ചടിയാണ്.
2014 ലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഫഡ്‌നാവിസ് തന്റെ പേരില്‍ രണ്ട് ക്രിമിനല്‍ കേസുള്ള കാര്യം മറച്ചുവെച്ചുവെന്നാണ് ഹര്‍ജി. വിവരം മറച്ചുവെച്ച മഹാരാഷ്ട്ര മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സതീഷ് ഉകെയാണ് കോടതിയെ സമീപിച്ചത്.
തെരഞ്ഞെടുപ്പ് കേസില്‍ നേരത്തെ ബോംബെ ഹൈക്കോടതി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് അനുകൂലമായി വിധി പ്രസ്താവിച്ചിരുന്നു. ഇത് റദ്ദാക്കിയ സുപ്രിംകോടതി, കോടതി വിധി ന്യായീകരണമില്ലാത്തതാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. മഹാരാഷ്ട്രയിലെ 52, സൗത്ത് വെസ്റ്റ് നാഗ്പൂരില്‍ നിന്നാണ് ഫഡ്‌നാവിസ് ജനവിധി തേടിയത്.