ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. സമൂഹമാധ്യമങ്ങളില്‍ വ്യക്തികളുടെ ഇടപെടലുകള്‍ സര്‍ക്കാര്‍ നിയന്ത്രിക്കാന്‍ ആരംഭിച്ചാല്‍ ഇന്ത്യ സര്‍വൈലന്‍സ് സ്റ്റേറ്റ് (ഭരണകൂട നിരീക്ഷണമുള്ള) ആയി മാറുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന് സോഷ്യല്‍മീഡിയ കമ്മ്യൂണിക്കേഷന്‍ ഹബ്ബ് സ്ഥാപിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശം.
ജസ്റ്റിസ് ഡി.വൈ ചന്ദ്രൂചൂഡാണ് കേസ് പരിഗണിച്ചത്. വ്യക്തികളുടെ സ്വകാര്യത സംബന്ധിച്ച് 2017ലെ കോടതി ഉത്തരവ് സമൂഹമാധ്യമങ്ങളുടെ നിയന്ത്രണ വിഷയത്തില്‍ സ്വാധീനമുണ്ടാക്കുമെന്നാണ് കോടതി നിരീക്ഷിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ മഹ്വ മോയിത്രയാണ് ഹര്‍ജി സമര്‍പ്പിച്ചത്. സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കങ്ങള്‍ പരിശോധിക്കുന്നതിന് ജില്ലാ അടിസ്ഥാനത്തില്‍ സംവിധാനം കൊണ്ടുവരാനുള്ള കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ നീക്കത്തിനെതിരെയാണ് ഹര്‍ജി.