ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാര്‍ വാദത്തിനു തിരിച്ചടി. പ്രതിരോധ രേഖകള്‍ തെളിവാക്കാന്‍ കഴിയില്ലെന്ന സര്‍ക്കാരിന്റെ വാദത്തിനാണ് തിരിച്ചടി നേരിട്ടത്. രേഖകള്‍ പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അറിയിച്ചു. മോഷ്ടിച്ച രേഖകള്‍ പരിഗണിക്കരുതെന്ന അറ്റോര്‍ണി ജനറലിന്റെ വാദവും തള്ളി. ഏകകണ്ഠമായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം നാളെ ആരംഭിക്കാനിരിക്കെയാണ് സര്‍ക്കാരിന് വന്‍ തിരിച്ചടിയായി സുപ്രീംകോടതി വിധി വരുന്നത്.
ഹര്‍ജിക്കാരായ പ്രശാന്ത് ഭൂഷണ്‍, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി തുടങ്ങിയവരാണ് റഫാല്‍ രേഖകളുടെ പകര്‍പ്പ് ഹാജരാക്കിയത്. എന്നാല്‍ കോടതി ഇത് പരിഗണിക്കരുതെന്നും പുനഃപരിശോധനാ ഹര്‍ജികളില്‍നിന്ന് രേഖകള്‍ നീക്കം ചെയ്യണമെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം. ഔദ്യോഗിക രഹസ്യനിയമം, വിവരാവകാശനിയമം, തെളിവുനിയമം എന്നിവയിലെ വകുപ്പുകള്‍ പ്രതിരോധരേഖകള്‍ക്ക് സവിശേഷാധികാരം നല്‍കുന്നുണ്ട്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രേഖകള്‍ അതിന്റെ സൂക്ഷിപ്പുകാരനായ ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ കോടതിക്ക് പരിഗണിക്കാനാകില്ല. വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്നു പ്രതിരോധ രേഖകളെ ഒഴിവാക്കിയിട്ടുണ്ടെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ വാദിച്ചു.
എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങള്‍ ദുരുദ്ദേശ്യത്തോടെയാണെന്നും പൊതുസമൂഹത്തിന്റെ മുന്നിലുള്ള രേഖകള്‍ കോടതിക്ക് എങ്ങനെ അവഗണിക്കാന്‍ കഴിയുമെന്നുമാണ് ഹര്‍ജിക്കാരുടെ ചോദ്യം. റഫാല്‍ കേസില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടെന്നാണ് മുഖ്യ വെളിപ്പെടുത്തല്‍.