ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം. വായ്പകളുടെ മൊറട്ടോറിയം കാലയളവിലെ പിഴപ്പലിശ ഒഴിവാക്കാനുള്ള തീരുമാനം നടപ്പിലാക്കാന്‍ വൈകുന്നതിലാണ് കേന്ദ്രസര്‍ക്കാരിനെ സുപ്രീംകോടതി വിമര്‍ശിച്ചത്. അടുത്ത മാസം രണ്ടിന് മുമ്പായി ഉത്തരവ് പുറത്തിറക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചാണ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്.
പാവപ്പെട്ടവന്റെ ദീപാവലി സര്‍ക്കാരിന്റെ കയ്യിലാണെന്നും കോടതി പറഞ്ഞു. രണ്ട് കോടി രൂപവരെയുള്ള വ്യക്തിഗത വായ്പകള്‍ക്ക് മൊറട്ടോറിയം കാലവവളില്‍ പിഴപ്പലിശ ഒഴിവാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഈ തീരുമാനം എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്ന കോടതിയുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനായില്ല. അടുത്ത മാസം പതിനഞ്ച് വരെ സമയംവേണമെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞത്. ഇത് അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ പരിഗണിക്കേണ്ടത് സാധാരണക്കാരന്റെ താല്‍പര്യമാണ്.
സാധാരണക്കാരന്റെ അവസ്ഥ സര്‍ക്കാര്‍ കാണണമെന്നും തീരുമാനം ഉടന്‍ നടപ്പിലാക്കണമെന്നും കോടതി പറഞ്ഞു. അടുത്തമാസം രണ്ടിന് കേസ് വീണ്ടും പരിഗണിക്കും. അതിന് മുമ്പായി തീരുമാനം നടപ്പാക്കാനാവശ്യമായ ഉത്തരവ് ഇറക്കാന്‍ കോടതി നിര്‍ദേശിച്ചു. ഭവന,വാഹനവായ്പകള്‍, ക്രഡിറ്റ് കാര്‍ഡ് തിരിച്ചടവുകള്‍ തുടങ്ങിയവയ്ക്കാണ് കൂട്ടുപലിശ ഇളവ് നല്‍കാന്‍ തീരുമാനിച്ചത്. കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. അതുസംബന്ധിച്ച് ഹര്‍ജിക്കാരുടെയും സര്‍ക്കാരിന്റേയും വിശദവാദം അടുത്തതവണ കേസ് പരിഗണിക്കുമ്പോള്‍ കോടതി കേള്‍ക്കും.