X

ചിദംബരത്തെ വീണ്ടും കസ്റ്റഡിയില്‍വിട്ട് കോടതി

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ചിദംബരത്തെ വീണ്ടും കോടതി സിബിഐ കസ്റ്റഡിയില്‍ വിട്ടു. നാലു ദിവസം കൂടി കസ്റ്റഡി കാലാവധി നീട്ടി ഈ മാസം 30 വരെ കസ്റ്റഡി നീട്ടുകയായിരുന്നു. മറ്റു പ്രതികള്‍ക്കൊപ്പം ചോദ്യം ചെയ്യണമെന്ന സിബിഐയുടെ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു. അറസ്റ്റിനു ശേഷവും ചിദംബരം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സിബിഐ അറിയിച്ചു.

അതേസമയം ജാമ്യത്തിനായി ഏത് ഉപാധിയും സ്വീകാര്യമാണെന്ന് ചിദംബരം കോടതിയെ അറിയിച്ചിരുന്നു. അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നു തോന്നിയാല്‍ ജാമ്യം റദ്ദാക്കാമെന്നും അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. ചിദംബരത്തിനെതിരെ തെളിവില്ലെന്നും എഫ്‌ഐആറില്‍ പേരില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു.

മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരായ പി. ചിദംബരത്തിന്റെ ഹര്‍ജി രാവിലെ സുപ്രീം കോടതി തള്ളിയിരുന്നു. അറസ്റ്റ് ചെയ്തതോടെ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കു പ്രസക്തിയില്ലെന്ന് വ്യക്തമാക്കിയ് കോടതി ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കണമെന്നും നിര്‍ദേശിച്ചു. അറസ്റ്റിനെതിരായ പുതിയ ഹര്‍ജി ലിസ്റ്റ് ചെയ്യാത്തതിനാല്‍ പരിഗണിച്ചില്ല.

അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനും റിമാന്‍ഡ് ചെയ്തതിനും എതിരായ ഹര്‍ജി ഇന്നു പരിഗണിക്കാനാകില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അനുമതിയില്ലാതെ ഹര്‍ജി ലിസ്റ്റ് ചെയ്യാനാകില്ലെന്ന് ജസ്റ്റിസ് ആര്‍. ഭാനുമതി അറിയിച്ചു.

chandrika: