X

ലോയകേസ് ബെഞ്ച് മാറ്റിയില്ല; തര്‍ക്കങ്ങള്‍ക്കിടയില്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസും മുതിര്‍ന്ന ജഡ്ജിമാരും തമ്മില്‍ പ്രശ്‌നം തുടരുന്ന സുപ്രീം കോടതിയില്‍ നിര്‍ണ്ണായകമായ ലോയ കേസ് പരിഗണിക്കുന്നത് ഏഴ് ദിവസത്തേക്ക് മാറ്റിവെച്ചു. കേസ് പരിഗണിക്കുന്ന ബെഞ്ച് മാറ്റണമെന്ന ആവശ്യം സുപ്രീംകോടതി നിരാകരിച്ചു. ജസ്റ്റിസ് അരുണ്‍ മിശ്ര നേതൃത്വം നല്‍കുന്ന നിലവിലെ ബെഞ്ച് തന്നെയാണ് ഹരജി പരിഗണിച്ചത്.

കേസ് മുതിര്‍ന്ന ജഡ്ജിമാര്‍ക്ക് വിടണമെന്ന ജസ്റ്റിസ് ചെലമേശ്വര്‍ അടക്കമുള്ള ജഡ്ജിമാരുടെ ആവശ്യം ചീഫ് ജസ്റ്റിസ് തള്ളുകയായിരുന്നു. ഈ സാഹചര്യത്തില്‍ പ്രതിഷേധിച്ച ജഡ്ജിമാര്‍ ഇന്ന് സ്വീകരിക്കുന്ന നിലപാട് നിര്‍ണ്ണായകമാകും.

അതേസമയം, സുപ്രീംകോടതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ക്ക് രണ്ടു ദിവസത്തിനുള്ളില്‍ പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എ.ജി പറഞ്ഞു. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സുപ്രീംകോടതിയിലെ പ്രശ്‌നങ്ങള്‍ തീര്‍ന്നെന്നും പ്രതിസന്ധികള്‍ക്ക് വിരാമമായെന്നും എ.ജി വ്യക്തമാക്കിയെന്ന് ഇന്നലെ വാര്‍ത്തകള്‍ വന്നിരുന്നു. വാര്‍ത്താസമ്മേളനം നടത്തി വിമര്‍ശനമുന്നയിച്ച നാല് ജഡ്ജിമാരെയും ചീഫ് ജസ്റ്റീസ് കാണുമെന്നും എ.ജി പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ദീപക് മിശ്ര ചര്‍ച്ചകള്‍ക്ക് തയ്യാറാകാത്ത സാഹചര്യം വന്നതോടെ പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് എ.ജി വീണ്ടും മാധ്യമങ്ങളോട് വ്യക്തമാക്കുകയായിരുന്നു.

chandrika: