ന്യൂഡല്‍ഹി: 50 ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്ന ഹര്‍ജി സുപ്രീം കോടതി അടുത്തയാഴ്ച്ച പരിഗണിക്കും. കേസിലെ വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജി യിലാണ് കോടതി അടുത്തയാഴ്ച്ച വാദം കേള്‍ക്കുക.
വിവിപാറ്റുകള്‍ എണ്ണണമെന്നും എങ്കില്‍ മാത്രമേ വിശ്വാസ്യത സംരക്ഷിക്കാന്‍ സാധിക്കൂ എന്നാണ് ഹര്‍ജിയില്‍ ആദ്യം ഉന്നയിച്ചിരുന്ന പ്രധാന ആവശ്യം. എന്നാല്‍ ഒരു ലോക്‌സഭ മണ്ഡലത്തിലുള്ള എല്ലാ നിയമസഭ മണ്ഡലങ്ങളിലെയും അഞ്ച് വീതം വിവിപാറ്റുകള്‍ എണ്ണുക എന്നതായിരുന്നു സുപ്രിം കോടതി തീരുമാനം. ഇത് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഹര്‍ജി നല്‍കിയത്
തെരഞ്ഞെടുപ്പ് കമ്മീഷന്‍ 50ശതമാനം വിവിപാറ്റുകള്‍ വോട്ടുമായി ഒത്തുനോക്കാന്‍ സാധ്യമല്ല എന്ന തീരുമാനമാണ് എടുത്തത്. വലിയ തരത്തിലുള്ള സമയവും ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനവും ഇതിനാവശ്യമാണ്. അത് ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രായോഗികമല്ലെന്നായിരുന്നു കമ്മീഷന്റെ വാദം. അതേസമയം, ഹര്‍ജി കോടതി അംഗീകരിക്കുകയാണെങ്കില്‍ ലോക്‌സഭാ ഫലപ്രഖ്യാപനം നീണ്ടുപോകാനാണ് സാധ്യത.