ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139 അടിയാക്കി കുറക്കാന്‍ മുല്ലപ്പെരിയാര്‍ സമിതി സുപ്രീം കോടതിയെ അറിയിച്ചു. സംസ്ഥാനങ്ങള്‍ തമ്മില്‍ തമ്മിലടിക്കേണ്ട സമയമല്ല ഇതെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ അധിക ജലം തമിഴ്‌നാട്ടിലേക്ക് തന്നെ കൊണ്ടു പോകണം. കേരളത്തിലേക്ക് തുറന്ന് വിട്ടാല്‍ പ്രളയക്കെടുതി വര്‍ദ്ധിക്കുമെന്നും നിരീക്ഷിച്ചിട്ടുണ്ട്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറക്കാനുള്ള അടിയന്തരയോഗം സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ വ്യാഴാഴ്ച വിളിച്ചു ചേര്‍ത്തിരുന്നു. 142 അടിയാണ് ഇപ്പോള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്. അത് 139 അടിയിലേക്ക് താഴ്ത്തണമെന്ന നിര്‍ദ്ദേശവുമായാണ് യോഗം വിളിച്ചു ചേര്‍ത്തത്. ദേശീയ ദുരന്ത നിവാരണ സേനയുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം. എന്നാല്‍ ജലനിരപ്പ് താഴ്ത്താന്‍ സാധ്യമല്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് തമിഴ്‌നാട്.