ന്യൂഡല്‍ഹി: അയോധ്യ കേസില്‍ ജനുവരി 10മുതല്‍ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസ് പരിഗണിച്ച് 30 സെക്കന്റിനുള്ളിലായിരുന്നു ചീഫ് ജസ്റ്റിസ് തീരുമാനമറിയിച്ചത്. എന്നാല്‍ ഏതൊക്കെ വിഷയങ്ങളില്‍ വാദം കേള്‍ക്കണമെന്ന് ജനുവരി 10ന് മുമ്പ് തന്നെ അറിയിക്കുമെന്ന് കോടതി വ്യക്തമാക്കി.
തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് 15ഹര്‍ജികളാണ് സുപ്രീം കോടതിയിക്ക് മുന്നിലെത്തിയത്. ചീഫ് ജസ്റ്റിസ് ബെഞ്ച് നേരത്തേ അടിയന്തിര പ്രാധാന്യമില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് ജനുവരിയിലേക്ക് മാറ്റുകയായിരുന്നു. അയോധ്യയിലെ 2.27ഏക്കര്‍ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്കും മുസ്ലീംങ്ങള്‍ക്കും നിര്‍മ്മോഹി അഖാഡക്കും തുല്യമായി വിഭജിച്ച് നല്‍കണമെന്നായിരുന്നു 2010ല്‍ അലഹബാദ് ഹൈക്കോടതി വിധിച്ചത്. ഇതിനെതിരെയാണ് അപ്പീലുകള്‍ സുപ്രീം കോടതിക്ക് മുന്നിലെത്തിയത്.