ന്യൂഡല്‍ഹി: അവസാന വര്‍ഷ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. സംസ്ഥാനങ്ങള്‍ക്ക് പരീക്ഷ നീട്ടിവെക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് പരീക്ഷ നീട്ടിവെക്കാന്‍ യുജിസിയെ സമീപിക്കാമമെന്നും കോടതി വ്യക്തമാക്കി. അവസാനവര്‍ഷ സര്‍വകലാശാലാ പരീക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.
പരീക്ഷകളില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാാനാവില്ലെന്നും കോടതി പറഞ്ഞു. ബുദ്ധിമുട്ടുള്ള സംസ്ഥാനങ്ങള്‍ക്ക് ഇളവുകള്‍ക്കായി യുജിസിയെ സമീപിക്കാം. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി.
അവസാന വര്‍ഷ പരീക്ഷകള്‍ ഓണ്‍ലൈന്‍ ആയോ ഓഫ് ലൈന്‍ ആയോ സെപ്റ്റംബര്‍ മുപ്പതിനകം പൂര്‍ത്തിയാക്കാന്‍ യുജിസി ഉത്തരവ് ഇറക്കിയിരുന്നു. ഇത് ചോദ്യംചെയ്താണ് വിദ്യാര്‍ഥികള്‍ ഹര്‍ജികള്‍ നല്‍കിയത്. കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്തരുത്. മുന്‍ പരീക്ഷകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അവസാന വര്‍ഷത്തെ മാര്‍ക്ക് നിശ്ചയിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു. ഡല്‍ഹി, മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ് ഒഡീഷ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ പരീക്ഷകള്‍ റദ്ദാക്കിയിരുന്നു. ഇതിനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് ഇല്ലെന്ന യു.ജി.സി വാദം കോടതി അംഗീകരിക്കുയായിരുന്നു.