കണ്ണൂര്‍: സുപ്രീംകോടതിയിലും കേരള ഹൈക്കോടതിയിലും ജഡ്ജിയായിരുന്ന വി. ഖാലിദ് (95) അന്തരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. 1984 മാര്‍ച്ച് 25 നാണ് പരമോന്നത നീതിന്യായ കോടതിയില്‍ ന്യായാധിപനായി നിയമിതനായത്. 1987 ജൂണ്‍ 30 വരെ ജഡ്ജിയായി തുടര്‍ന്നു. ഇന്ദിരാ ഗാന്ധി വധക്കേസ്, ഷാബാനു കേസ് ഉള്‍പ്പെടെ നിരവധി ശ്രദ്ധേയമായ കേസുകളില്‍ വിധി പറഞ്ഞിട്ടുണ്ട്. പിന്നീട് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചു.
മലപ്പുറം ഗവ.ഹൈസ്‌കൂളില്‍ ഗണിത ശാസ്ത്രാധ്യാപകനായിട്ടായിരുന്നു ഔദ്യോഗിക ജീവിതം ആരംഭിച്ചത്. നിയമബിരുദമെടുത്ത ശേഷം 1948ല്‍ കണ്ണൂര്‍ മുന്‍സിഫ് കോടതിയില്‍ പി. എസ് നാരായണ അയ്യരുടെ കീഴില്‍ പ്രാക്ടീസ് ആരംഭിച്ചു. പിന്നീട് തലശേരി കോടതിയിലേക്കും 1964ല്‍ ഹൈക്കോടതിയിലേക്കും തട്ടകം മാറ്റി. 1972 ഏപ്രില്‍ മൂന്നിന് കേരള ഹൈക്കോടതി ജഡ്ജായി നിയമിക്കപ്പെട്ടു. തുടര്‍ന്ന് 1983 ഓഗസ്റ്റ് 24 മുതല്‍ 1984 ജൂണ്‍ 24 വരെ ജമ്മു കശ്മീര്‍ ചീഫ് ജസ്റ്റീസായി സേവനമനുഷ്ടിച്ചു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കാശ്മീരിലെ ഫാറൂഖ് അബ്ദുല്ല മന്ത്രിസഭ പിരിച്ചു വിട്ടപ്പോള്‍ 1984 ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് രണ്ടു വരെ കാശ്മീര്‍ ഗവര്‍ണറുടെ ചുമതല വഹിച്ചു.
ഔദ്യോഗിക സേവനത്തിനു ശേഷം പൊതുരംഗത്ത് സജീവമായിരുന്നു. ചെന്നൈ ആസ്ഥാനമായ റെയില്‍വെ റേറ്റ്‌സ് ട്രിബ്യൂണല്‍, തമിഴ്‌നാട് പൊലീസ് കമ്മീഷന്‍ ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചു. 1988 മുതല്‍ 2008 വരെ പ്രൈം മിനിസ്റ്റര്‍ ഫൗണ്ടേഷന്‍ ചെയര്‍മാനായിരുന്നു. മലയാള ഇംഗ്ലീഷ് ഭാഷകള്‍ക്കു പുറമെ അറബി, ഉര്‍ദു, പാര്‍സി ഭാഷകളിലും അവഗാഹമുണ്ടായിരുന്ന ജസ്റ്റിസ് ഖാലിദ് ഉര്‍ദു കവിതകളുടെ ആസ്വാദകനും ഖുര്‍ ആന്‍ പണ്ഡിതനുമായിരുന്നു. സുല്‍ത്താന്‍ അബ്ദുറഹ്മാന്‍ ആലി രാജ, സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, സിപി ചെറിയ മമ്മുക്കേയി, ഇന്ദിരാഗാന്ധി, ഫാറൂഖ് അബ്ദുല്ല തുടങ്ങിയവര്‍ ഖാലിദുമായി ഉറ്റ സൗഹൃദം പുലര്‍ത്തിയിരുന്നു. ന്യൂനപക്ഷ വിദ്യാഭ്യാസ മേഖലയിലെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ സിപി ചെറിയ മമ്മുക്കേയിയോടൊപ്പം പ്രവര്‍ത്തിച്ചു. സര്‍ സയ്യിദ് കോളജിന്റെ ശില്പികളില്‍ ഒരാളും സ്ഥാപന നടത്തിപ്പുകാരായ സിഡിഎംഇഎയുടെ പ്രഥമ പ്രസിഡന്റായിരുന്നു.
1922 ജൂലൈ ഒന്നിന് കണ്ണൂര്‍ സിറ്റിയിലെ സിസി മരക്കാറുടെയും വാഴക്കുളങ്ങരയില്‍ സൈനബയുടെയും നാലാമത്തെ മകനായിട്ടായിരുന്നു ജനനം. സിറ്റിയിലെ മഅ്ദിനുല്‍ ഉലൂം മദ്രസ, കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തലശേരി ഗവ.ബ്രണ്ണന്‍ കോളജില്‍ നിന്ന് ഇന്റര്‍ മീഡിയറ്റ് പാസായി. മദ്രാസ് പ്രസിഡന്‍സി കോളജില്‍ നിന്ന് ഗണിത ശാസ്ത്രത്തില്‍ ബിരുദവും മദ്രാസ് ലോ കോളജില്‍ നിന്ന് നിയമബിരുദവും നേടി. കൊല്‍ക്കത്തയില്‍ വ്യവസായി ആയിരുന്ന എസി മുഹമ്മദിന്റെ മകള്‍ റാബിയയാണ് ഭാര്യ. ഏക മകള്‍: താഹിറ. മരുമകന്‍ അബ്ദുല്‍ജബ്ബാര്‍. സഹോദരങ്ങള്‍: പരേതരായ മാമു, ഹുസൈന്‍, ബീവി, സഫിയ. അരയാല്‍ത്തറയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം മയ്യിത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സിറ്റി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.