നിരാഹാര സമരമിരിക്കുന്ന ആശമാര്‍ക്ക് പിന്തുണ; ഐക്യദാര്‍ഢ്യമാര്‍ച്ചുമായി പ്രതിപക്ഷം

തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പില്‍ നിരാഹാര സമരമിരിക്കുന്ന ആശമാര്‍ക്ക് പിന്തുണയുമായി ഐക്യദാര്‍ഢ്യമാര്‍ച്ച് നടത്തി പ്രതിപക്ഷ നേതാവും യുഡിഎഫ് എംഎല്‍മാരും. രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് സെക്രട്ടേറിയറ്റിലെ സമരപ്പന്തലിലേക്കാണ് ആശമാര്‍ക്ക് ഐക്യദാര്‍ഢ്യ മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രതിപക്ഷം മാര്‍ച്ച് നടത്തിയത്. ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കും വരെ ആശമാരുടെ കൂടെയുണ്ടാകുമെന്ന് വി.ഡി സതീശന്‍ പറഞ്ഞു.

‘സെക്രട്ടറിയേറ്റിന് മുമ്പില്‍ അനിശ്ചിതകാല നിരാഹാര സമരമാരംഭിച്ച ആശമാരെ പരിഹാസത്തോടെയും പുച്ഛത്തോടെയുമാണ് പിണറായി സര്‍ക്കാര്‍ നോക്കിക്കാണുന്നത്. തങ്ങള്‍ ഇന്ന് ആശാ വര്‍ക്കര്‍മാരുടെയും അങ്കണവാടി ജീവനക്കാരുടേയുമൊക്കെ വിഷയം നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ സമരത്തെ സര്‍ക്കാര്‍ പരിഹസിക്കുകയാണ്. അതുകൊണ്ടാണ് സഭാ നടപടികള്‍ ബഹിഷ്‌കരിച്ച് തങ്ങള്‍ നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിക്കാന്‍ ഇറങ്ങിയത്. ഇനിയും ചര്‍ച്ചകള്‍ നടക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ തരേണ്ടത് അവരും തരണം’- വിഡി സതീശന്‍ പറഞ്ഞു.

യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റില്‍ നടത്തിയ പോരാട്ടത്തിന്റെ ഭാഗമാണ് ഇന്‍സെന്റീവ് വര്‍ധിപ്പിക്കുമെന്ന കേന്ദ്ര മന്ത്രിയുടെ പ്രഖ്യാപനമെന്നും സതീശന്‍ വ്യക്തമാക്കി. നേരത്തെയും ആശാ പ്രവര്‍ത്തകര്‍ക്ക് പിന്തുണയര്‍പ്പിച്ച് പ്രതിപക്ഷ നേതാവും യുഡിഎഫ് നേതാക്കളും സമരപ്പന്തലില്‍ എത്തിയിരുന്നു.

webdesk18:
whatsapp
line